യദുകൃഷ്ണന്‍ കൃത്യവിലോപം വരുത്തിയിട്ടില്ലെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍; സമരത്തില്‍ നിന്ന് യോഗക്ഷേമ സഭയും ശാന്തിക്ഷേമ യൂണിയനും പിന്‍മാറി

പത്തനംതിട്ട: ദളിത് പൂജാരി യദുകൃഷ്ണനെതിരെ ഇന്ന് തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്നും യോഗക്ഷേമ സഭ പിന്മാറി. സമരം പ്രഖ്യാപിച്ച അഖില കേരള ശാന്തിക്ഷേമ യൂണിയനും നിരാഹാര സമരത്തില്‍ നിന്നും പിന്മാറി.

യദുകൃഷ്ണന്‍ പൂജയില്‍ കൃത്യവിലോപം നടത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവിധ സംഘടനകള്‍ സമരരംഗത്തെക്കെത്തിയിരുന്നത്. അതേസമയം, യദുകൃഷ്ണന്‍ പൂജയില്‍ കൃത്യവിലോപം വരുത്തിയിട്ടില്ലെന്ന്് തിരുവിതാംകൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം

തിരുവല്ല വളഞ്ഞവട്ടം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂജകളുടെ കൃത്യവിലോപത്തിനെതിരെ എന്ന പേരിലായിരുന്നു ദളിത് വിഭാഗത്തില്‍ നിന്നും പൂജാരിയായി നിയമിക്കപ്പെട്ട യദുകൃഷ്ണനെതിരെ സമരവുമായി രംഗത്തുവരാന്‍ യോഗക്ഷേമ സഭയും അഖില കേരള ശാന്തിക്ഷേമ യൂണിയനും തയ്യാറായിരുന്നത്.

തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരമടക്കം നടത്താനുള്ള ഇവരുടെ നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. സമരപ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഈ രണ്ട് സംഘനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ഇതാണ് അവസാന നിമിഷം ഇവര്‍ സമരം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യോഗക്ഷേമ സഭയും അഖില കേരള ശാന്തിക്ഷേമ യൂണിയനും നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.
എന്നാല്‍ വിവിധ സംഘടനകള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം തികച്ചും വ്യാജമാണെന്നാണ് പൂജാരിയായ യജുകൃഷ്ണന്‍ വ്യക്തമാക്കിയത്. പൂജ മുടങ്ങിയെന്ന പേരില്‍ ഒരുവിഭാഗം പ്രചരണം നടത്തുകയാണെന്ന് യദുകൃഷ്ണന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. ഒക്ടോബര്‍ 26ന് തനിക്ക് പറവൂരില്‍ പോകേണ്ടിയിരുന്നതിനാല്‍ ലീവ് എഴുതിക്കൊടുത്തിരുന്നു.

പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ പകരം വരുന്ന ആള്‍ അല്‍പം വൈകിയാണ് നടതുറക്കാന്‍ എത്തിയതെന്നും ഇതിനെ പൂജ മുടങ്ങിയെന്ന പേരില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുകയാണെന്നും യദുകൃഷ്ണന്‍ വ്യക്തമാക്കുന്നു.

സംഭവത്തിന് ശേഷവും ക്ഷേത്രത്തില്‍ നിന്നോ പ്രദേശവാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും തനിക്കുണ്ടായിട്ടില്ലെന്നും യദു പറയുന്നു. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും നിയമനം ലഭിച്ച അബ്രാഹ്മണ പൂജാരികളില്‍ ഒരാളാണ് ദളിതനായ യദു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here