സിബിഐ പ്രവര്‍ത്തിക്കുന്നത് കേന്ദ്രസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് തിടുക്കമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 13ലേയ്ക്ക് മാറ്റി.

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തില്‍ CBIക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന CBl കൂട്ടിലടച്ച തത്തയെപോലെയാണ്. പലപ്പോഴും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്ന CBI ഇക്കാര്യത്തില്‍ അന്വേഷണത്തിന് തിടുക്കം കൂട്ടുകയാണ്. അന്വേഷണത്തില്‍ CBIയേക്കാള്‍ വിശ്വാസ്യത പൊലീസിനുണ്ട്. കുറ്റകൃത്യം തെളിയിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പോലീസാണ് CBlയേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

തലശ്ശേരി കേന്ദ്രമായി പ്രര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തൃപ്തികരമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

ഏഴു കേസുകളില്‍ അഞ്ചെണ്ണത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. കണ്ണൂരിലെ നാലു കേസിലും തിരുവനന്തപുരത്തെ ഒരു കേസിലുമാണ് അന്വേഷണം പൂര്‍ത്തിയായത്. മറ്റ് രണ്ടു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണം പൂര്‍ത്തിയാക്കിയവയുടെ കേസ് ഡയറിയും ബാക്കിയുള്ളവയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ റാവലാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

ബന്ധപ്പെട്ട കക്ഷികളൊ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളൊ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അനാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഹര്‍ജി നേരത്തെ പരിഗണിക്കവെ കോടതി നിലപാട് ആരായുന്നതിന് മുന്‍പ് തന്നെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എ ിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു ജില്ലയില്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുകയാണെന്ന് എജി വിശദീകരിച്ചിരുന്നു. ഇതെ തുടര്‍ന്നായിരുന്നു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 13ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News