ആധാര്‍ ഹര്‍ജികളില്‍ നിര്‍ണായക വ‍ഴിത്തിരിവ്; ഭരണഘടനാബെഞ്ച് പരിശോധിക്കും

ദില്ലി: ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും. നവംബര്‍ അവസാനവാരത്തോടെ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

അതേസമയം, നിലവില്‍ ആധാറുള്ളവര്‍ക്ക് ക്ഷേമപദ്ധതികള്‍ക്കും മൊബൈല്‍, ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആധാറിന്റെ സാധുത

ഇതുവരെയായി ആധാര്‍ എടുക്കാത്തവര്‍ക്ക് കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആധാറുള്ളവര്‍ ഡിസംബര്‍ 31നുള്ളില്‍ത്തന്നെ ക്ഷേമപദ്ധതികളുമായും മൊബൈല്‍, ബാങ്ക് അക്കൌണ്ടുകളുമായും ബന്ധിപ്പിക്കേണ്ടിവരും.

ആധാറിന്റെ സാധുത ചോദ്യംചെയ്തുള്ള നിരവധി ഹര്‍ജികളില്‍ മാര്‍ച്ചില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അറ്റോര്‍ണിജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. അടിയന്തരപ്രാധാന്യമുള്ള കേസില്‍ വാദംകേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാവില്ലെന്ന് ആധാറിനെ എതിര്‍ക്കുന്ന വിവിധ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.

മാര്‍ച്ചുവരെ വാദംകേള്‍ക്കല്‍ നീട്ടുകയാണെങ്കില്‍ അതുവരെ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൌരവം പരിഗണിച്ച് നവംബര്‍ അവസാനംത്തന്നെ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ്ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഹര്‍ജി സമര്‍പ്പിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കാനുള്ള അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷണ്‍ എന്നിവരംഗങ്ങളായ ബെഞ്ച് പറഞ്ഞു.

മുഖ്യമന്ത്രി മമതാബാനര്‍ജിക്ക് വേണമെങ്കില്‍ വ്യക്തി എന്ന നിലയില്‍ ആധാറിനെ ചോദ്യംചെയ്ത് കോടതിയെ സമീപിക്കാം. ആധാറിനെ മാത്രമേ ആധികാരികമായ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുള്ളൂവെന്ന് ചില ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ടെലികോം വകുപ്പിന് നോട്ടീസയച്ചു.

നേരത്തേ, ആധാറിനെതിരെ 2014 മുതലുള്ള ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ ബെഞ്ച് സ്വകാര്യത മൌലികാവകാശമാണോയെന്ന വിഷയം ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

ഒമ്പതംഗ ഭരണഘടനാബെഞ്ച് സ്വകാര്യത ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശം തന്നെയെന്ന് ഐകകണ്ഠേന ഉത്തരവും പുറപ്പെടുവിച്ചു. തുടര്‍ന്ന്, ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്കാണോ അഞ്ചംഗബെഞ്ചിലേക്കാണോ പോകേണ്ടതെന്ന വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel