ഒടുവില്‍ ധോണിയും; ഒത്തുകളി വിവാദത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ നായകന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെന്നല്ല ലോക ക്രിക്കറ്റില്‍ തന്നെ വലിയ കോളിളക്കമാണ് ഒത്തുകളി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. രണ്ടായിരത്തില്‍ മുഹമ്മദ് അസറുദ്ദീനും ഹന്‍സി ക്രോണ്യയും അജയ് ജഡേജയുമെല്ലാം കുരുക്കിലായപ്പോള്‍ അത് കായിക ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

ഒത്തുകളിക്കും വാതുവെയ്പ്പിനുമെതിരെ നിയമം കര്‍ക്കശമാക്കിയതോടെ ഏറെക്കാലം വിവാദങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഐ പി എല്‍ തുടങ്ങിയതോടെ ഒത്തുകളി വീണ്ടും ശക്തമായി.

മലയാളി താരം ശ്രീശാന്തടക്കമുള്ളവര്‍ക്ക് ആജീവനാന്ത വിലക്ക് നേരിടേണ്ടിവന്ന ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അന്ന് ഇന്ത്യന്‍ നായകനായിരുന്ന ധോണിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

ധോണി മൗനം പാലിച്ചു

എന്നാല്‍ അന്ന് മുതല്‍ ഇക്കാര്യത്തില്‍ ധോണി മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായി ധോണി ഒത്തുകളി വിവാദത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഒത്തുകളിക്കേസിലെ മുഖ്യ പ്രതിയായ ഗുരുനാഥ് മെയ്യപ്പനെ സഹായിക്കുന്ന തരത്തില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ധോണിയുടെ വെളിപ്പെടുത്തല്‍. രജ്ദീപ് സര്‍ദ്ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് ധോണിയുടെ തുറന്നുപറച്ചില്‍.

കളിക്കളത്തിലെ തീരുമാനങ്ങളില്‍ മെയ്യപ്പന് ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്ന താന്‍ മൊഴി നല്‍കിയതെന്നും ധോണി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയ ക്രിക്കറ്റിനെ ഒറ്റുകൊടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങളുടെ ഭാവനയാണെന്നും ധോണി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കാത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒത്തുകളിക്കേസ് തന്നെ പട്യാലക്കോടതി റദ്ദാക്കി ശ്രീശാന്ത് അടക്കമുളള എല്ലാവരേയും കുറ്റവിമുക്തരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീശാന്തിന്‍റെ വിലക്ക് നീക്കാന്‍ ഇനിയും ബിസിസിഐ തയ്യാറിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News