മാനുഷിക വികസനത്തില്‍ ഇന്ത്യനേരിടുന്ന തിരിച്ചടികള്‍ക്കിതാ മറ്റൊരു ഉദാഹരണം കൂടി.മീസല്‍സ് ആന്റെ് റൂബെല്ല ഇനിഷ്യേറ്റീവ് എന്ന രാജ്യാന്തരസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം മീസല്‍സ്-റൂബെല്ല വാക്‌സിനെടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍
ഇന്ത്യ രണ്ടാമത്.
ഇന്ത്യയേക്കാള്‍ മോശപ്പെട്ട അവസ്ഥയിലുളള ഏക രാജ്യം നൈജീരിയയാണ്. ലോകത്തെ 2 കോടി 80 ലക്ഷം കുട്ടികള്‍ ഇതുവരെ മീസല്‍സ്-റൂബെല്ല വാക്‌സിനെടുത്തിട്ടില്ല.
ഇവരിലെ പകുതിയും ഇന്ത്യയടക്കമുളള 6 രാജ്യങ്ങളിലെ കുട്ടികളാണെന്ന് മീസല്‍സ് ആന്റെ് റൂബെല്ല ഇനിഷ്യേറ്റീവ് ചൂണ്ടാകാട്ടുന്നു. നൈജീരിയയിലെ 33ലക്ഷവും ഇന്ത്യയിലെ 29ലക്ഷവും പാക്കിസ്ഥാനിലെ 20ലക്ഷവും ഇന്തോനേഷ്യയിലെ 12 ലക്ഷവും എത്യോപയയിലെ 9ലക്ഷവും കോംഗോവിലെ 7ലക്ഷവും കുട്ടികള്‍ വാക്‌സിനെടുത്തിട്ടില്ല.
ഏറ്റവും പിന്നില്‍ നില്‍ക്കുന്ന നൈജീരിയയിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം
ഇന്ത്യയിലേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശം ഭീകരസംഘടനയായ ബൊക്കോഹറാമിന്റെ പിടിയിലാണ്.
സംഘര്‍ഷമേഖലയിലേയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എത്താനാകില്ല. കോംഗോയിലും പാക്കിസ്ഥാനിലും ഇതേപ്രശ്‌നമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബഹൂഭൂരിഭാഗം പ്രദേശങ്ങളിലും ഇത്തരം പ്രശ്‌നങ്ങളില്ല.
മീസല്‍സ് ആന്റെ് റൂബെല്ല ഇനിഷ്യേറ്റീവ്ന് വേണ്ടി പഠനം നടത്താന്‍ നേതൃത്ത്വം നല്കിയ ഡോ.റോബര്‍ട്ട് ലിന്‍കിന്‍സ് ഇന്ത്യന്‍ അവസ്ഥയെ ഇങ്ങനെ വിലയിരുത്തുന്നു.
ഇന്ത്യ കോംഗോ,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിറകില്‍ പോകുന്നത് ഞെട്ടിക്കുന്നു. കളള പ്രചാരണങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇന്ത്യയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നതിന് തിരിച്ചടിയാവുന്നത്.
ഇത് തടഞ്ഞില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരും’ 2000ല്‍ അഞ്ചാം പനി പിടിപെട്ടതിനെ തുടര്‍ന്ന് ലോകത്ത് മരിച്ചത് അഞ്ചരലക്ഷം കുഞ്ഞുങ്ങളായിരുന്നു.2016ല്‍ ഇതേരോഗം പിടിപെട്ട് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം തൊണ്ണൂറായിരമായി കുറഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്കുന്നതിലുണ്ടായ കുതിച്ചുചാട്ടമാണ് മരണ സംഖ്യ കുറയാന്‍ കാരണം.
യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ് സാക്ഷരകേരളത്തില്‍ പോലും ഒരുവിഭാഗം കളളപ്രചാരണങ്ങള്‍ നടത്തി മീസല്‍സ്-റൂബെല്ല വാക്‌സിന്‍ യജ്ഞത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.