
പാലക്കാട്: ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു.
പാരമ്പര്യ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, പോഷകാഹാരകുറവ്മൂലമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ആദിവാസി കോളനികളില്‍ കണ്ടുവരുന്നുണ്ട്. പലപ്പോഴും രോഗങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പുറംലോകം അറിയുന്നത്.
ഈ പ്രതിസന്ധിയെ മറികടക്കാനാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ആശുപത്രിയില്‍ എത്താത്തവരെയും എത്താന്‍ കഴിയാത്തവരെയും തേടി ആശുപത്രി ഊരുകളില്‍ എത്തുന്ന നവീന പദ്ധതിയാണിത്.
ആദ്യഘട്ടം
ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സയാണ് ഈ യൂണിറ്റുകള്‍ വഴി ലഭ്യമാകുന്നത്. ഈ ജനവിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളും നേരത്തെതന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ രീതികള്‍ നിര്‍ദ്ദേശിക്കാന്‍ ഇതിലൂടെ കഴിയും.
മൊബൈല്‍ യൂണിറ്റുകള്‍ എല്ലാ ദിവസങ്ങളിലും ഓരോ കോളനികള്‍ സന്ദര്‍ശിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കും. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ജില്ലാ താലൂക്ക് ആശുപത്രികള്‍ വഴി അത് ലഭ്യമാക്കുന്നതിന് ശുപാര്‍ശ ചെയ്യും. ഡോക്ടര്‍, നേഴ്സ്, ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവരും ലബോറട്ടറി സൗകര്യങ്ങളും ഈ മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാകും.
രോഗ നിര്‍ണ്ണയത്തിനായി 25 തരത്തിലുള്ള രക്തപരിശോധനകള്‍ നടത്താനും അതനുസരിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കാനും ഈ യൂണിറ്റിന് കഴിയും. മരുന്നുകള്‍ സൗജന്യമായി നല്‍കും. ഏത് ദുര്‍ഘട സാഹചര്യത്തിലും കടന്നുചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
ഈ വാഹനങ്ങള്‍ എല്ലാം ജി.പി.എസ് ഘടിപ്പിച്ചവയാണ്. അതിനാല്‍ വാഹനത്തിന്‍റെ സഞ്ചാരം എവിടെയിരുന്നും നമുക്ക് നിരീക്ഷിക്കാന്‍ കഴിയും. വാഹനം എപ്പോള്‍ എവിടെയാണ് ഉള്ളതെന്നും ബന്ധപ്പെട്ടവര്‍ക്ക് കണ്ടെത്താനും കഴിയും.
മൊബൈല്‍ യൂണിറ്റ് എത്തുന്ന വിവരം സ്ഥലത്തെ എസ്.ടി കോ-ഓര്‍ഡിനേറ്റര്‍, അംഗന്‍വാടി ടീച്ചര്‍, ആശാവര്‍ക്കര്‍ എന്നിവരെ മുന്‍കൂട്ടി അറിയിക്കും. കേരളത്തിലെ എല്ലാ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലും ആധുനിക ചികിത്സാസഹായം എത്തിക്കുക എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരമാണ് ഈ പദ്ധതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here