ബിജെപിക്ക് എളമരത്തിന്‍റെ ട്രോള്‍; ജിഎസ്ടിക്ക് ശേഷം വിലകുറഞ്ഞത് ബിജെപിക്ക് മാത്രം

കൊച്ചി: ജിഎസ്ടി വന്നപ്പോള്‍ വിലകുറഞ്ഞ ഏക സാധനം ബിജെപിയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സുലൈമാന്‍ നഗറില്‍ (എറണാകുളം ടൌണ്‍ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി വന്നാല്‍ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, വിലയിടിഞ്ഞത് മോഡിക്കും ബിജെപിക്കുമാണ്. നോട്ട്നിരോധം സൃഷ്ടിച്ച ദുരന്തം ഇനിയും അവസാനിച്ചിട്ടില്ല. രാജ്യത്തിന്റെ തൊഴില്‍മേഖലയെയും സമ്പദ്വ്യവസ്ഥയെയും അത് ബാധിച്ചു. ഈ അവസ്ഥയിലാണ് വേണ്ടത്ര മുന്‍കരുതലില്ലാതെ ജിഎസ്ടി നടപ്പാക്കിയത്.

വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല

തെരഞ്ഞെടുപ്പുകാലത്ത് മോഡി പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. വര്‍ഷം രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞെങ്കിലും ഈ വര്‍ഷങ്ങളില്‍ തൊഴില്‍ ലഭിച്ചത് കഷ്ടിച്ച് ഒന്നരലക്ഷം പേര്‍ക്കാണ്. ഉള്ള തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. മോഡിയുടെ മൂന്നുവര്‍ഷക്കാലത്തില്‍ കര്‍ഷക ആത്മഹത്യ 40 ശതമാനം വര്‍ധിച്ചു. രാജ്യത്തെ തൊഴില്‍നിയമങ്ങളെല്ലാംതന്നെ തൊഴിലാളിവിരുദ്ധമായി മാറ്റിയെഴുതുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. സംസ്ഥാനത്തെ കരാര്‍തൊഴിലാളികളുടെ മിനിമംകൂലി 650 രൂപയാക്കാനുള്ള നടപടി സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചു.

മിനിമംകൂലി എന്ന ആശയംപോലും പല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് അറിയില്ല. കേരളത്തില്‍ സാമൂഹ്യസുരക്ഷാ, ക്ഷേമ, പെന്‍ഷന്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നു. കേരളത്തില്‍ 60 വയസ്സുകഴിഞ്ഞ അരക്കോടിയിലേറെ പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നു.

ജീവിതനിലവാരത്തിന്റെ ഏതു സൂചികയിലും ഒന്നാംസ്ഥാനത്ത് കേരളമാണ്. കേരളത്തിന് ഇതു സാധിച്ചത് ഇടയ്ക്കിടെ എല്‍ഡിഎഫ് ഭരണം വന്നതുകൊണ്ടും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുള്ളതുകൊണ്ടുമാണ്.

രാജ്യത്താകെയുള്ള തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ബിഎംഎസ്, ബിജെപി സര്‍ക്കാര്‍ അതേ നയങ്ങള്‍ തുടരുമ്പോള്‍ മാറിനില്‍ക്കുന്നത് വഞ്ചനയാണ്.

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാന്‍ സമരങ്ങളിലൂടെ മാത്രമേ കഴിയൂ. ഏറ്റവും ഒടുവില്‍ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അടക്കം നടന്ന കര്‍ഷകസമരങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News