‘മോദി ഞങ്ങളുടെ കിടപ്പാടം ഇല്ലാതാക്കി’; കട്പുത്‌ലി കോളനിയിലെ സ്ത്രീകളും കുട്ടികളും ഇന്ന് കിടക്കുന്നത് റോഡരികില്‍; കോളനി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; പീപ്പിള്‍ ടിവി വാര്‍ത്താസംഘത്തിന് നേരെയും ആക്രമണം

ദില്ലി: കലാകാരന്‍മാരും സാധാരണക്കാരും വര്‍ഷങ്ങളായി താമസിക്കുന്ന ദില്ലി കട്പുത്‌ലി കോളനി ഒഴിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തം.

 കൈരളി ന്യൂസ് ടീമിനെ ഗുണ്ടകള്‍ തടഞ്ഞു

ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയും, സ്വകാര്യ നിര്‍മാണ കമ്പനിയായ റഹീജ ബില്‍ഡേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനായാണ് ഇവരെ ഒഴിപ്പിക്കുന്നത്. ഒഴിപ്പിക്കലിനെ തടയുന്നിനിടെയാണ് കഴിഞ്ഞ ദിവസം സിപിഐ നേതാവ് ആനി രാജയെ ആക്രമിച്ചത്. ഇന്ന് കോളനിയിലെത്തിയ കൈരളി ന്യൂസ് ടീമിനെ ഗുണ്ടകള്‍ തടഞ്ഞു.

ഫ്‌ളാറ്റ് സമുച്ചയത്തിനായി വര്‍ഷങ്ങളായി കോളനിയില്‍ താമസിക്കുന്ന സാധാരണക്കാരെ പൊലീസും കമ്പനിയുടെ ഗുണ്ടകളും ബലം പ്രയോഗിച്ചാണ് ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജയെയും കഴിഞ്ഞ ദിവസം പൊലീസും സ്വകാര്യ കമ്പനിയുടെ ഗുണ്ടകളും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

കുട്ടികള്‍ളെ പോലും മര്‍ദ്ദിക്കുന്നുവെന്നാണ് കോളനിക്കാര്‍ പറയുന്നത്. ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയും, ദില്ലി പൊലീസും മോദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഒന്നും ചെയ്യാനില്ലെന്നും, ഭവന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കിയെന്നും കോളനിക്കാര്‍ ആരോപിച്ചു.

ഒഴിഞ്ഞു പോകാന്‍ വേറൊരു സ്ഥലം പോലും ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ല. വയസായ സ്ത്രീകളെയും കുട്ടികളെയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാത്ത് അവസ്ഥയിലാണിവര്‍. നിലവില്‍ സ്ത്രീകളും കുട്ടികളും റോഡരികിലാണ് കിടക്കുന്നതും.

കട്പുത്‌ലി കോളനിയില്‍ എത്തിയ പീപ്പിള്‍ ടിവിയുടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും പൊലീസ് നോക്കി നില്‍ക്കെ സ്വകാര്യ കമ്പനിയുടെ ഗുണ്ടകള്‍ കോളനിക്കകത്തുകയറാന്‍ സമ്മതിക്കാതെ ആക്രമിക്കാനും മുതിര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here