കാഴ്ച്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്തമായി രണ്ട് പുസ്തകങ്ങള്‍; നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര നിരൂപണ യാത്രകളുമായി പ്രേംചന്ദ്

ചലച്ചിത്രമേളയുടെ മറ്റൊരു മഞ്ഞുകാലത്തിന് കൂടി ഗോവയും തിരുവനന്തപുരവും ഒരുങ്ങുമ്പോള്‍ നാല് പതിറ്റാണ്ടു നീണ്ട തന്റെ ചലച്ചിത്ര നിരൂപണയാത്രകളുമായാണ് ഇത്തവണ പ്രശസ്ത നിരൂപകനായ പ്രേംചന്ദിന്റെ വരവ്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയ ഉണര്‍ച്ചകളുടെ സൃഷ്ടിയായ ഈ നിരൂപകന്‍ എഴുതിയതെല്ലാം പല ആനുകാലികങ്ങളിലായി ചിന്നിച്ചിതറി ചരിത്രത്തിന്റെ ഭാഗമായി കിടക്കുകയാണെങ്കിലും ഇതുവരെയും പുസ്തകമാക്കി ഇറക്കാനുള്ള സന്നദ്ധതയോ സാവകാശമോ കാട്ടിയിരുന്നില്ലെന്നത് അല്‍ഭുതമായിരുന്നു.

വിശദീകരണമില്ലാത്ത ആ അനാസ്ഥയെ അദ്ദേഹം തന്നെ മറികടന്ന് ഇപ്പോള്‍ രണ്ട് ഗ്രന്ഥമാക്കി പുറത്തിറക്കുമ്പോള്‍ ഗൗരവപൂര്‍വ്വമായ ചലച്ചിത്രക്കാഴ്ച്ച നടത്തുന്നവര്‍ക്ക് ചരിത്രപരമായ സംവാദത്തിനും വിമര്‍ശനത്തിനും ഒരു നിമിത്തം കൂടി സംഭവിക്കുകയാണ്. 90 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏതാണ്ട് പാതി ദൂരത്തോളം സഞ്ചരിച്ച പഠനങ്ങള്‍ എന്ന കുറിപ്പോടെ നൂറ്റാണ്ടിന്റെ മൗനങ്ങള്‍(റെഡ് ചെറി ബുക്‌സ്) എന്ന ഗ്രന്ഥവും, എഴുപതുകളുടെ ഫിലിം സൊസൈറ്റി മൂവ്‌മെന്റ് തൊട്ട് ഇന്ത്യയുടെയും കേരളത്തിന്റെയും നാലുപതിറ്റാണ്ട് കാലത്തെ ചലച്ചിത്രോത്സവാനുഭവങ്ങളായ കാഴ്ച്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്തം(പുസ്തക പ്രസാധക സംഘം) എന്നീ പുസ്തകവുമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ വായനയ്ക്ക് തയ്യാറായിരിക്കുന്നത്.

1977 മുതല്‍ 2017 വരെയുള്ള രാഷ്ട്രീയ ഉണര്‍ച്ചകളുടെ ഉലയില്‍ നിന്ന് ഊതിയെടുത്തതാണ് രണ്ട് പുസ്തകങ്ങളിലെയും ചലച്ചിത്ര പഠനങ്ങള്‍. ഒപ്പം തന്നെ ചിത്രഭൂമിയുടെ ചുമതലക്കാരനായ ഒമ്പത് വര്‍ഷക്കാലം ഒരു ലക്കം പോലും മുടങ്ങാതെ എഴുതിയ ‘നോയ്‌സ്’ എന്ന പംക്തിയിലെ ലേഖനങ്ങളും ഈ പുസ്തകത്തിലേക്ക് കടന്നു വരുന്നുണ്ട്.

അക്കാലത്ത് ചിത്രഭൂമി പിന്നില്‍ നിന്ന് മുന്നിലേക്ക് മറിച്ചാണ് പലരും പ്രേംചന്ദ് എന്ന നിലപാടുറപ്പുള്ള നിരൂപകനെ വായിച്ചുകൊണ്ടിരുന്നത്. സിനിമയുടെ വര്‍ണ്ണപ്പൊലിമയില്‍ ചോര്‍ന്നുപോകുന്ന രാഷ്ട്രീയവും സമരവും പ്രതിരോധവും ജീവിതവുമെല്ലാം ആഴ്ച്ചക്കുറിപ്പുകളായി ഒരൊറ്റപ്പേജിന്റെ സംക്ഷിപ്തതയില്‍ മുനകൂര്‍പ്പിച്ചെത്തിയ ‘നോയ്‌സ്’ നിലച്ച് പോയതോടെയാണ് എതിര്‍പ്പുകള്‍ക്ക് ശേഷിയില്ലാത്ത സ്തുതിഗീതങ്ങളായി നമ്മുടെ നിരൂപണം ഇവിടെ തഴച്ച് വളര്‍ന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കെ വേണുവിന്റെ ഉന്മൂലന രാഷ്ട്രീയസിദ്ധാന്തത്തോട് വിടപറഞ്ഞ് ജനകീയ സംസ്‌കാരിക വേദിയിലും വിപ്ലവവിദ്യാര്‍ത്ഥി സംഘടനയിലും അഭിപ്രായ ഭിന്നത മുര്‍ച്ഛിപ്പിച്ച് പുറത്തുപോയ ഒരു സംഘം വിപ്ലവവിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു പ്രേംചന്ദ്. അന്ന് കൊടുങ്ങല്ലൂരില്‍ വെച്ച് ഭൂരിപക്ഷത്തോടെ തന്നെ പുറത്താക്കപ്പെട്ട വിപ്ലവവിദ്യാര്‍ത്ഥി സംഘടനയുടെ സമ്മേളനത്തില്‍ വെച്ചാണ് സച്ചിദാനന്ദന്‍ പ്രസിദ്ധമായ ‘നീതിയുടെ വൃക്ഷം’ എന്ന കവിത ചൊല്ലിയത്. ‘രക്തസാക്ഷിയുടെ ചോരകൊടുത്തു വളര്‍ത്തിയ നീതിയുടെ വൃക്ഷം നാമെവിടെ നടും?’ എന്ന കവിതയിലെ ആ സന്ദേഹം തന്നെയായിരുന്നു അന്നത്തെ തലമുറയുടെ പൊതു ഉല്‍ക്കണ്ഠയായി നിറഞ്ഞ് നിന്നത്. ആ കവിതയില്‍ പ്രേചന്ദും ജോയ്മാത്യുവുമെല്ലാം കടന്നുവരുന്നുണ്ട്. അതിങ്ങനെയാണ്

‘ഒരിക്കല്‍ക്കൂടി വഞ്ചിക്കപ്പെട്ട സഹോദരാ,
നിന്നെ കൊന്ന നിയമം ഇതാ
വിശുദ്ധന്റെ വസ്ത്രമണിഞ്ഞ്
പാപികള്‍ക്കു മാപ്പു നല്കുന്നു.
ന്യായാധിപര്‍ കൈ കഴുകുന്നു
നീ മരിച്ചതിന് അവര്‍ക്ക് തെളിവുകളില്ല
പക്ഷേ, നീ ജീവിച്ചിരുന്നതിന്
ഞങ്ങള്‍ക്ക് തെളിവുകളുണ്ട്.
അരുണ്‍, ശശി, ഉദയന്‍, ജോയ് മാത്യു,
പ്രവീണ്‍, പ്രേംചന്ദ്, രാമകൃഷ്ണന്‍
ഓരോരുത്തരും ഓരോ നിമിഷവും…..

ആ കാലത്തെക്കുറിച്ച് പ്രേംചന്ദ് പറയുന്നത് നോക്കുക:

‘അടിയന്തരാവസ്ഥ പിന്‍വലിച്ച ഉടനെയുള്ള കാമ്പസ് കാലമാണ്. കോഴിക്കോട്ട് ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ മരണവും മരണാനന്തര നീതി തേടി അച്ഛന്‍ ഈച്ചരവാര്യരുടെ പോരാട്ടവുമായിരുന്നു അന്തരീക്ഷത്തില്‍. അതെല്ലാം ഏതെങ്കിലും വിധത്തില്‍ ചലിപ്പിയ്ക്കാത്ത മനസ്സുകളെ അന്ന് കാണാനാവില്ലായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജിലെ കാമ്പസ് ജീവിതവും വളരെയെളുപ്പത്തില്‍ ആ ചൂട് ആവാഹിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ ജയിലനുഭവങ്ങള്‍ തിരുത്തിക്കുറിച്ചുവന്ന മധുമാഷിന്റെ പടയണിക്കൊപ്പം അണിചേര്‍ന്നത് അങ്ങനെയാണ്. മാഷിനൊപ്പം 1844ലെ കാള്‍ മാര്‍ക്‌സിന്റെ തത്വചിന്താപരമായ കുറിപ്പുകള്‍ക്ക് വേണ്ടി അങ്ങനെ പകര്‍പ്പെഴുത്തുകാരനായി. ചാരുമജുംദാറിന്റെ മാവോവാദത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തു കടന്നു കൊണ്ട് ചിന്തിക്കുന്ന അവസ്ഥയിലായിരുന്നു അന്ന് മാഷ്. മാഷിന്റെ വജ്‌റ ഫിലിം സൊസൈറ്റിയും ചെലവൂര്‍ വേണുവേട്ടന്‍ അശ്വിനി ഫിലിം സൊസൈറ്റിയുമാണ് വേറിട്ട സിനിമാ കാഴ്ച്ചയിലേക്ക് ഇറക്കിയത്.

സത്യജിത്ത് റായിയല്ല കമ്മ്യൂണിസ്റ്റുകാരനായ ഋത്വിക് ഘട്ടകാണ് വലിയ ചലച്ചിത്രകാരനെന്ന നിലപാട് ഞങ്ങളെയും വശീകരിച്ചു. പഥേര്‍ പാഞ്ചാലിയേക്കാള്‍ വലിയ സിനിമ അജാന്ത്രിക്കാണെന്ന് മാഷ് പറയും. ചലച്ചിത്ര ചര്‍ച്ചകളില്‍ രവിയേട്ടന്റെ (ചിന്ത രവീന്ദ്രന്‍) സിനിമകളുടെ രാഷ്ട്രീയ വായനയായിരുന്നു പ്രധാന ആകര്‍ഷണം. ചിഹ്ന വിജ്ഞാനീയത്തിന്റെയും തത്വചിന്തയുടെയും സാധ്യതകള്‍ ചലച്ചിത്ര വായനയില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം നിസ്സാര്‍ അഹമ്മദില്‍ നിന്നും അനുഭവത്തിന്റെ രാഷ്ട്രീയം സേതുവില്‍ നിന്നുമാണ് ഞങ്ങള്‍ ഹൃദയത്തിലേക്കെടുത്തത്. ടികെ രാമചന്ദ്രന്‍, ടിഎന്‍ ജോയ് , സച്ചിദാനന്ദന്‍, ബി രാജീവന്‍, മൈത്രേയന്‍, നിളാ ബപ്ലിക്കേഷന്‍സ്, ബോധി ബുക്‌സ്, ഉത്തരം മാസിക, അന്റോണിയോ ഗ്രാംഷി ഇന്‍സ്റ്റിറ്റ്യൂട്ട്, ജോണ്‍ എബ്രഹാം, അമ്മ അറിയാന്‍, മന്ദാകിനി, എ.വാസു, അജിത, കെ.വേണു, എ.സോമന്‍ എന്നിങ്ങനെയെല്ലാം പടര്‍ന്ന് പന്തലിച്ച മനുഷ്യരുടെയും മുന്നേറ്റങ്ങളുടെയും ആ ചര്‍ച്ചയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് പേരായിരുന്നു ഞാനും ജോയ്മാത്യുവും വലിയൊരു സ്‌ക്കൂളായിരുന്നു അത്. എന്റെ സിനിമാ എഴുത്തിന്റെയും രാഷ്ട്രീയ സഞ്ചാരം തുടങ്ങുന്നത് അവിടെ നിന്നാണ്’.

1985ലാണ് പ്രേംചന്ദിന്റെ ചലച്ചിത്ര ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത് ‘ചിന്തരവി സ്‌ക്കൂളില്‍’ നിന്ന് പുറത്തുവന്ന സാംസ്‌ക്കാരിക വിമര്‍ശകനെന്ന നിലയില്‍ പത്രാധിപര്‍ കെസി നാരായണനാണ് അതിന് പ്രേംചന്ദിനെ ചുമതലപ്പെടുത്തിയത്. കഥയും കവിതയും സാഹിത്യവിമര്‍ശനവും മാത്രമുള്ള അന്നത്തെ യാഥാസ്ഥിതികമായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലേക്ക്, കോഴിക്കോടന്റെ സിനിമാ പംക്തി ചിത്രശാലയയെയും മറികടന്ന് ഒരു ചലച്ചിത്ര നിരൂപണം പ്രത്യക്ഷപ്പെടുത്താന്‍ ധൈര്യം കാണിച്ചത് കെസിയാണ്. ചിന്ത രവി ‘സിനിമയുടെ രാഷട്രീയ’ത്തില്‍ പ്രയോഗിച്ച രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായ പാരയണത്തിന്റെ ടൂളുകള്‍ ഉപയോഗിച്ച് നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിന് എഴുതിയ നിരൂപണമായിരുന്നു അത്.

മലയാള മുഖ്യധാര ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ലക്ഷണമൊത്ത ചലച്ചിത്ര നിരൂപണമായിരുന്നു അത്. അതായത് ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്ന മുഖ്യധാരാസിനിമയെ ഒരു സാംസ്‌കാരിക രാഷ്ട്രീയ വിഷയമെന്ന നിലക്ക് പഠിച്ചെഴുതിയ ആദ്യത്തെ ലേഖനം. എന്നാല്‍ തൊണ്ണൂറുകളുടെ ഉദയമായതോടെ അച്ചടി മാധ്യമങ്ങളില്‍ ചലച്ചിത്ര നിരൂപണത്തിന് അന്ത്യമായി. പത്രങ്ങള്‍ക്ക് പരസ്യം കൊടുക്കുന്ന സിനിമാ മുതലാളിമാര്‍ സംഘടിച്ച് ചലച്ചിത്ര വിമര്‍ശനം അച്ചടിയ്ക്കുന്നുണ്ടെങ്കില്‍ ഇനി പരസ്യമില്ല എന്ന നയം ശക്തമാക്കിയെന്ന് പ്രേം ചന്ദ് പറയുന്നു. ‘എനിക്ക് മാതൃഭൂമിയുടെ ഫിലീം പേജായ താരാപഥത്തിന്റെ ചുമതലയുണ്ടായിരുന്ന കാലമാണത്. മുഖ്യധാരാ സിനിമയില്‍ മത പുനരുദ്ധാനവാദം തിരിച്ചു വരുന്നതിനെ വെളിച്ചത്ത് കൊണ്ടുവരുന്ന എ.സോമന്റെ പഠനവുമൊക്കെ അച്ചടിക്കാനും ആഴ്ചകളോളം അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളിലൂടെ വന്‍ ചര്‍ച്ചയാക്കാനും കഴിഞ്ഞ സംവാദത്തിന്റെ അവസാനകാലമായിരുന്നു അത്”.

ധീരമായ ചലച്ചിത്ര നിരൂപണം ഇന്ന് സമൂഹമാധ്യമങ്ങളില്‍ മാത്രം മുഴങ്ങിക്കേള്‍ക്കുന്ന കാലത്ത് മുഖ്യധാരമാധ്യങ്ങളുടെ ചുറ്റുവട്ടത്തില്‍ തന്നെ പോരാടി സ്വന്തമാക്കിയ ചലച്ചിത്ര വിമര്‍ശനത്തിന്റെ ഇടം എന്തായിരുന്നു എന്നതിന്റെ ചരിത്ര പുസ്തകവുമാണ് ഒരു പക്ഷേ പ്രേംചന്ദിന്റെ ഈ രണ്ടു ഗ്രന്ഥങ്ങളും. മലയാളത്തിലെ ചലച്ചിത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉജ്ജ്വലമായൊരു വസന്തകാലമാണ് അത്.

പ്രശസ്ത എഴുത്തുകാരനായ സിവി ബാലകൃഷ്ണനെ പോലുള്ളവര്‍ ഇന്ത്യയിലെ ചലച്ചിത്രമേളകള്‍ ദേശാഭിമാനിയിലും മറ്റും ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. 2004 തൊട്ട് കേരളത്തിനടുത്ത് ഗോവയില്‍ ഇന്ത്യയുടെ ചലച്ചിത്രമേള എത്തിയിട്ടും തുടക്കക്കാലത്തെ ഏതാനും വര്‍ഷത്തെ ആഘോഷങ്ങളിലൊതുങ്ങി അവസാനിക്കുകയായിരുന്നു മേളയിലെ മുഖ്യധാര പത്രറിപ്പോര്‍ട്ടിംഗും ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗുമെല്ലാം.

ചലച്ചിത്രമേളകള്‍ ഇന്ന് ഏതാണ്ട് അവിടെയെത്തുന്ന പ്രതിനിധികളുടെയും ചലച്ചിത്രപ്രവര്‍ത്തരുടെയും മറ്റും മാത്രം കാര്യമായി ചുരുങ്ങുകയും, വിപുലമായൊരു രാഷ്ട്രീയ പ്രതിരോധത്തിന്റെ ഇടമാണെന്ന പ്രതീതികള്‍ നഷ്ടമാവുകയുമാണ്. മൂലധനത്തിന്റെ കൈകള്‍ സര്‍വ്വാധികാര ശക്തിയായി ചലച്ചിത്രമേളകളെയും നിശബ്ദമാക്കുകയാണ്. ഫാസിസ്റ്റ് ഇന്ത്യയില്‍ ഇന്ന് എവിടെയും വിമര്‍ശനത്തിന്റെ മരണം മാത്രം കേള്‍ക്കുമ്പോള്‍ സമരതീഷ്ണമായൊരു വിമര്‍ശനകാലത്തിന്റെ ഓര്‍മ്മയായി ഈ രണ്ട് പുസ്തകങ്ങളും വലിയ സംവാദങ്ങളിലേക്ക് സ്വീകരിക്കപ്പെടേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here