ബിജെപിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല; ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട് :ബിജെപിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് പരിമിതിയുണ്ടെന്നും ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയുടെ നായകനുമായ കോടിയേരി ബാലകൃഷ്ണന്‍.

ജനജാഗ്രതാ യാത്രയ്ക്ക് മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളിലെ പുതുശേരി, പാലക്കാട് ടൌണ്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമായ ആളുകള്‍ കോണ്‍ഗ്രസിലുണ്ടെന്ന് എ കെ ആന്റണി പറഞ്ഞത് വെറുതെയല്ല.

ബിജെപിയില്‍ ഇന്നുള്ള എംപിമാരില്‍ 52 ശതമാനവും കോണ്‍ഗ്രസില്‍നിന്ന് വന്നവരാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ്. ഇവര്‍ക്ക് എങ്ങനെ മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാനാകും ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസിന് താജ്മഹല്‍ രക്ഷിക്കാന്‍ കഴിയുമോ?

ബിജെപി ദേശീയ നേതാക്കളാകെ വന്ന് കേരളത്തെ അപമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നിശ്ശബ്ദമായി നോക്കി നിന്നു. കേരളം പാകിസ്ഥാനാണെന്നും ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലമാണെന്നുമുള്ള ആര്‍എസ്എസ്-ബിജെപി പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് മൌനം പാലിച്ചു.

സിപിഐ എമ്മിനേക്കാള്‍ ഭേദം മോഡിയാണെന്ന് മുസ്‌ളിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ നടത്തിയ പ്രസ്താവനയെ മുസ്‌ളിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഇതുവരെ തള്ളിപ്പറഞ്ഞില്ല. കെ എന്‍ എ ഖാദറിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിക്കണം.

കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് വിട്ടുപോയതോടെ യുഡിഎഫിന്റെ വലതുകൈ പോയി. ഇനി മുസ്‌ളിംലീഗ് കോണി വലിക്കുക കൂടി ചെയ്താല്‍ കോണ്‍ഗ്രസ് ഐ വട്ടപ്പൂജ്യമാകും. ഈ കോണ്‍ഗ്രസാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ‘പടയൊരുക്കം’ നടത്താന്‍ പുറപ്പെടുന്നത്.

ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണത്. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന്റെ പരിഭ്രമമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ നിയമവിധേയ കാര്യങ്ങള്‍ ചെയ്യും.

ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട

വര്‍ഗീയ രാഷ്ട്രീയത്തിനും ഉദാരവല്‍ക്കരണ നടപടികള്‍ക്കും ബദലായ പുതിയ രാഷ്ട്രീയമാറ്റം ഇന്ത്യയില്‍ ഉണ്ടാവുകതന്നെ ചെയ്യും. ഇതില്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്ക് വലിയ പങ്കുണ്ട്.

സുപ്രധാനമായ ഈ രാഷ്ട്രീയപ്രക്രിയയില്‍ ജാഗ്രതയോടെ അണിനിരക്കാന്‍ ജനം മുന്നോട്ടു വരണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here