കേരളത്തിന്റെ നേട്ടങ്ങളെ സംഘപരിവാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; കേരളപ്പിറവി ദിനത്തിലെ കാഴ്ച്ച

1956 നവംബര്‍ 1ന് ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ കേരളം, നമ്മുടെ മാതൃഭൂമി ഇന്ന് 61-ാം പിറന്നാള്‍ നിറവില്‍.

ജാതി-ജന്മി-കുടിയാന്‍ വ്യവസ്ഥകളെ തകര്‍ത്തെറിഞ്ഞ് പുരോഗമന കേരളമായി മാറിയിട്ട് 61 വര്‍ഷം. ഭാരതത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് രാജ്യത്തിന് അഭിമാനമാകുന്നു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു.

വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുമുണ്ട്.

1957ലാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 61-ാം വയസിലെത്തുമ്പോഴും ഭരിക്കുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ – ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് കേരളത്തിലെ ഇടത് ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് വാഷിങ്ടണ്‍ പോസ്റ്റ് പോലെയുള്ള ലോകമാധ്യമങ്ങള്‍ വിളിച്ചുപറയുന്നു.

എന്നാല്‍ കേന്ദ്രവും സംഘപരിവാറും കേരളത്തിനു മേല്‍ വലിയ അക്രമമാണ് അഴിച്ചുവിടുന്നത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരാണെന്ന് പറഞ്ഞപ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പറഞ്ഞ് രാഷ്ട്രപതി ആ വാക്കുകളെ നിഷ്പ്രഭമാക്കി.

മറ്റൊരു ബിജെപി നേതാവായ സരോജ് പാണ്ഡെയുടെ ഭീഷണി കമ്യൂണിസ്റ്റുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു.

ആക്രമണങ്ങള്‍ നേരിടുമ്പോഴും വികസിത രാജ്യങ്ങളോട് പോലും കിട പിടിക്കുന്ന നേട്ടങ്ങളുമായി ലോകത്തിന് തന്നെ മാതൃകയായി നില്‍ക്കുന്നു, കേരളം,നമ്മുടെ മലയാളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News