തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദന്. സച്ചിദാനന്ദന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

പുരസ്കാര തുക

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.കേരള സര്‍ക്കാര്‍ സാഹിത്യമേഖലക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്ക്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാരം ജേതാവിനെ നിര്‍ണയിച്ചത്.

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. മുന്‍ കാലങ്ങളില്‍ ഒന്നരലക്ഷം രൂപയായിരുന്നു പുരസ്ക്കാര തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം തുക അഞ്ചുലക്ഷ്യമാക്കി ഉയര്‍ത്തുകയായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

സച്ചിദാനന്ദന്‍ മലയാളത്തിന്റെ സാര്‍വ്വദേശീയ കവിയാണെന്നും മന്ത്രി പറഞ്ഞു. 1946 മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തര്‍ജ്ജമകളടക്കം അന്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ലോകസാഹിത്യത്തിലെ പ്രതിഭകളായ അന്റോണിയോ ഗ്രാംഷി, പാബ്ളോ നെരൂദ, യെഹൂദ അമിഷായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ, മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989, 1998, 2000, 2009,2012 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.

1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ളീഷ് പ്രൊഫസര്‍ ആയി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍,ദേശാടനം, ഇവനെക്കൂടി, കയറ്റം,സാക്ഷ്യങ്ങള്‍, അപൂര്‍ണം, വിക്ക്,മറന്നു വച്ച വസ്തുക്കള്‍,വീടുമാറ്റം, അഞ്ചു സൂര്യന്‍, പീഡനകാലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.