ആര്‍മി റിക്രൂട്ടിംഗിന് കോഴ; മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചെന്ന് ബ്രിഗേഡിയര്‍ ബജ്‌വ

കോഴിക്കോട്: ആര്‍മി റിക്രൂട്ടിംഗിന് കോഴ ആരോപണത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചതായി ബ്രിഗേഡിയര്‍ പിഎസ് ബജ്‌വ.

വിഷയം സിബിഐയുടെ ശ്രദ്ധയില്‍പെടുത്തിയതായും ആര്‍മി അധികൃതര്‍ അറിയിച്ചു. കരസേനാ സെലക്ഷനില്‍ കോഴ നടക്കുന്നതായുള്ള ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് ആര്‍മി റിക്രൂട്ടിംഗ് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ ആര്‍മി സെലക്ഷന് വേണ്ടി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങുന്നതായി ആരോപണം വന്നിരുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന ഊമക്കത്ത് കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസില്‍ ലഭിച്ചത്.

കോഴിക്കോട് റിക്രൂട്ടിംഗ് ഓഫീസ് ജീവനക്കാരെ കുറിച്ചാണ് കത്തില്‍ പരാമര്‍ശം. ഇവര്‍ ആര്‍മി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. വിഷയം സിബിഐ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ടെന്ന് റിക്രൂട്ടിംഗ് ചുമതലയുള്ള ബ്രിഗേഡിയര്‍ പിഎസ് ബജ്‌വ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സുതാര്യമായാണ് സെലക്ഷന്‍ നടപടികള്‍ നടക്കുന്നതെന്നും ആര്‍മി അധികൃതര്‍ വ്യക്തമാക്കി. മിലിട്ടറി സര്‍വീസിലുള്ളവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചാല്‍ മാത്രമേ ആര്‍മിയ്ക്ക് നടപടി എടുക്കാനാവൂ. മുന്‍ സൈനികര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതില്‍ പോലീസിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തിരുവനന്തപുരം റിക്രൂട്ട്‌മെന്റിനിടെ 2 പേര്‍ പിടിയിലായിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് കരസേന അന്വേഷണത്തിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here