രാജീവ് വധക്കേസ്; ഉദയഭാനുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു. ഇന്നലെ രാത്രി തന്നെ ഉദയഭാനുവിനെ ചാലക്കുടി സിഐ ഓഫീസില്‍ എത്തിച്ചിരുന്നു.

ബുധനാഴ്ച രാത്രി 10.15ഓടെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സഹോദരന്‍ പ്രതാപന്റെ വീട്ടില്‍നിന്നാണ് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉദയഭാനുവിനെ അറസ്റ്റ്‌ചെയ്തത്.

കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ ചാലക്കുടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന.

ഉദയഭാനുവിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.

ഉദയഭാനുവിനെതിരെ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. രാജീവിനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയില്‍ പ്രതിക്ക് പങ്കുണ്ടെന്ന് വ്യക്തമായ ആരോപണമാണ് പ്രോസിക്യൂഷന് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ 30നാണ് ഭൂമിയിടപാടുകാരനായ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here