ഗെയില്‍ വിരുദ്ധ സമരം ആസൂത്രിതമെന്ന് പൊലീസ്; ആക്രമണം നടത്തിയത് മലപ്പുറത്ത് നിന്നെത്തിയ എന്‍ഡിഎഫ് സംഘം; 500 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം ഗൂഢാലോചനയുടെ ഭാഗമെന്ന് പൊലീസ്. അക്രമം നടത്തിയത് തീവ്രവാദ സ്വഭാവമുള്ളവരാണെന്നും മലപ്പുറത്ത് നിന്നെത്തിയ എന്‍ഡിഎഫ് സംഘമാണ് അക്രമം ഉണ്ടാക്കിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തീവ്രവാദ സ്വഭാവമുള്ള ചിലര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറി 

മുക്കം എരഞ്ഞിമാവില്‍ ഒരു മാസം മുമ്പാണ് ഗെയില്‍ വിരുദ്ധ സമരം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പല ഘട്ടങ്ങളിലും സമരം വഴിതിരിച്ച് വിടാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തീവ്രവാദ സ്വഭാവമുള്ള ചിലര്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറി കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു സമരപ്പന്തല്‍. പദ്ധതി പ്രവര്‍ത്തനത്തിനായെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ സമരക്കാര്‍ മര്‍ദ്ദിച്ചതോടെയായിരുന്നു മുക്കത്തെ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.

പിന്നീട് മുഖം മൂടിയിട്ട സംഘം ആസൂത്രിതമായി അക്രമം അഴിച്ച് വിടുകയായിരുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പിടിയിലായവരില്‍ 44 പേരില്‍ 20ലധികം പേര്‍ മലപ്പുറം സ്വദേശികളാണ്. ഇവര്‍ കരുതിക്കൂട്ടി അക്രമം നടത്താന്‍ എത്തിയവരാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച സമരപ്പന്തലിന് മുമ്പിലെ റോഡില്‍ ജുമാ നമസ്‌ക്കാരം നടത്തിയത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുക്കാനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ സമരത്തിന് പിന്തുണമായി യുഡിഎഫ് നേതൃത്വം രംഗത്തെത്തിയത് രാഷ്ടീയ മുതലെടുപ്പിന് വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News