ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പകുതിയോളം സ്ഥാനാര്‍ത്ഥികള്‍ കോടിപതികള്‍.

നാമ നിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 338 സ്ഥാനര്‍ത്ഥികളില്‍ 158 പേര്‍ ഒരു കോടി രൂപയ്ക്കു മുകളില്‍ ആസ്തിയുള്ളവരാണ്.

സിറ്റിംഗ് എം എല്‍ എ മാരുടെ ആസ്തിയില്‍ 500 ശതമാനത്തിന്റെ വരെ വര്‍ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത്. ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ 68 സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 8.56 കോടി രൂപ.

68 ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 5.31 കോടി രൂപ.കോണ്‍ഗ്രസ് സിറ്റിംഗ് എം എല്‍ എ രോഹിത് താക്കുറിന്റെ ആസ്തിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന 487 ശതമാനം.ബി ജെ പി സിറ്റിംഗ് എം എല്‍ എ ബല്‍വീര്‍ സിങ്ങ് വര്‍മയുടെ ആസ്തി 120 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ തവണ മത്സരിച്ച ഒട്ടുമിക്ക സ്ഥാനര്‍ത്ഥികളുടെയും സ്വത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 71 സ്ഥാനാര്‍ത്ഥികള്‍ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

സ്ഥാനാര്‍ത്ഥികളില്‍ 18 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.31 സ്ഥാനാര്‍ത്ഥികള്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവര്‍.

ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ ബി ജെ പി യാണ് മുന്നില്‍.ബി ജെ പി യുടെ 68 സ്ഥാനാര്‍ത്ഥികളില്‍ 23 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ അസ്തിയുടെയും ക്രിമിനല്‍ കുറ്റങ്ങളുടെയും കാര്യത്തില്‍ ഇരു പാര്‍ട്ടികളും എതാണ്ട് ഒപ്പത്തിനൊപ്പമാണ്.