തിരൂര്‍: മലയാള സര്‍വകലാശാലയില്‍ രണ്ട് പ്രഫസര്‍മാര്‍ ചേര്‍ന്ന് വഹിക്കുന്നത് 20 പദവികള്‍.

ഒരാള്‍ക്ക് 15 പദവികളും രണ്ടാമന് അഞ്ച് പദവികളുമാണ് അധ്യാപക ജോലിയ്ക്ക് പുറമെയുള്ളത്. മിക്ക പദവികളും പ്രധാനപ്പെട്ടവയായതിനാല്‍ സര്‍വകലാശാലയുടെ അധികാര കേന്ദ്രങ്ങള്‍ക്കൂടിയാണിവര്‍.

പരീക്ഷ കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകന്‍ത്തന്നെ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നുമുണ്ട്.

മറ്റുസര്‍വകലാശാലകളില്‍ ഇതിന് വിലക്കുണ്ട്. അക്കാദമിക ഡീന്‍ ചുമതല കൂടാതെ ഭാഷാ ശാസ്ത്രം അധ്യക്ഷന്‍, ഭാഷാ ശാസ്ത്രം ഡീന്‍, ഭാഷാ ശാസ്ത്രം, സംസ്‌കാര പൈതൃക പഠനം എന്നിവയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് കണ്‍വീനര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം, പൊതുസഭാംഗം തുടങ്ങിയ പദവികളുമുണ്ട്.

ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയര്‍ പ്രതിനിധിയും എഴുത്തച്ഛന്‍ പഠന കേന്ദ്രം ഡയരക്ടറും ഉപദേശക സമിതിയംഗവും ലാഗ്വേജ് ടെക്നോളജി കേന്ദ്രം ഡയരക്ടറും എഴുത്തച്ഛന്‍ പദകോശം ഉപദേശക സമിതി അംഗവും ഇദ്ദേഹംതന്നെയാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ 13 പുസ്തകങ്ങള്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലയില്‍ അധ്യാപകനാവുമ്പോള്‍ ഒരുപുസ്തകം മാത്രമാണ് ഇദ്ദേഹത്തിന്റെ രചനയായി ഉണ്ടായിരുന്നത്. സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയ മിക്കതും സ്വന്തമായി രചിച്ച സൃഷ്ടികളല്ലെന്ന ആക്ഷേപം അധ്യാപകര്‍ക്കിടയിലുണ്ട്.

രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫസര്‍ക്ക് ചരിത്ര വിഭാഗം ഡീന്‍, സംസ്‌കാര പൈതൃത ഡീന്‍, സം്കാര പൈതൃക പഠനം, മാധ്യമ പഠനം വകുപ്പുകളുടെ അധ്യക്ഷന്‍ എന്നീ പദവികളുമുണ്ട്.

നിലവില്‍ 27 അധ്യാപകരാണ് സര്‍വകലാശാലയിലുള്ളത്. അധ്യാപകര്‍ ഏറെയുണ്ടായിട്ടും ചുമതലകള്‍ പങ്കുവെയ്ക്കാത്തതിനാല്‍ പല വകുപ്പുകളും സ്ഥംഭനാവസ്ഥയിലാണെന്ന് ആക്ഷേപമുണ്ട്