ആവേശത്തിരയിളക്കി ജനജാഗ്രതയാത്ര സമാപിച്ചു; ഇടതുസര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കരുത് എന്ന നിലപാടാണ് യുഡിഎഫിനെന്ന് കോടിയേരി

ത്രിശ്ശൂര്‍: പാചക വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പ് എന്ന് കോടിയേരി ബാലകൃഷ്ണന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയെ ഇപ്പോള്‍ യുഡിഎഫ് എതിര്‍ക്കുന്നത് എന്തിനെന്ന് കോടിയേരി ചോദിച്ചു. ഇടതുസര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പദ്ധതിയും കേരളത്തില്‍ നടപ്പാക്കരുത് എന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും കോടിയേരി ആരോപിച്ചു.

ഏത് വികസനപദ്ധതി വന്നാലും എതിര്‍ക്കുന്ന ചില ശക്തികള്‍ ആണ് ഗെയില്‍ വിരുദ്ധ സമരത്തിനു പിന്നില്‍. ജനങ്ങളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

യുഡിഎഫ് അതിന് കൂട്ടു നില്‍ക്കരുതെന്ന് കോടിയേരി ആവശ്യപ്പെട്ടു. വടക്കന്‍ മേഖല ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനത്തില്‍ തൃശ്ശൂരില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പതിനായിരങ്ങള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. യു ഡി എഫ് ജാഥ ഇടതുപക്ഷവിരുദ്ധ യാത്രയാണെന്ന് കോടിയേരി പറഞ്ഞു.

ആര്‍എസ്എസിനെ കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള യാത്രയാണിതെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര വിരുദ്ധസമരത്തില്‍ എപ്പോഴും ബിജെപിയുമായി യുഡിഎഫ് ഒത്തുകളിച്ചുവെന്ന് കോടിയേരി ആരോപിച്ചു.

വിവിധ മണ്ഡലങ്ങളില്‍ ലഭിച്ച വന്‍ വരവേല്‍പ്പ് ഏറ്റുവാങ്ങിയാണ് ജാഥ തൃശൂരില്‍ സമാപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here