തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

കോട്ടയം: നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിസന്‍സ് കോടതിയാണ് ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

അമ്പലപ്പുഴ താലൂക്കിലെ കരിവേലിപാടശേഖരം രണ്ടായിപകുത്ത് രണ്ടര ഏക്കറോളം നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്നാണ് കേസ്. രണ്ട എംപിമാരുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുപയോഗിച്ച് ഒരു കിലോമീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയിലായിരുന്നു റോഡ് നിര്‍മ്മാണം.

നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ആര്യാട് ബ്ലോക്ക് പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാനായി പ്രാദേശിക നിരീക്ഷണസമതിയുടെ അനുമതി വാങ്ങിയിരുന്നില്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം.

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കോട്ടയം വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി ദിലീപ് ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സിനാണ് അന്വേഷണ ചുമതല. ഡിസംബര്‍ 4നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് ഏഴോളം പരാതികളുണ്ടെന്നും ഇവയില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ ഏജിയുടെ നിയമോപദേശം തേടിയിരിക്കുകയാണെന്നും വിജിലന്‍സ് അഭിഭാഷകന്‍ രാജ്‌മോഹന്‍ ആര്‍ പിള്ള കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here