ഏറെ നാളുകളായി നില നിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം വിരാമം ആയി. മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലി മരയ്ക്കാര്‍ ഉണ്ടാകില്ല സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞാലി മരയ്ക്കാര്‍ 2 എന്ന പേരില്‍ എടുക്കാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പക്ഷെ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല.
എന്നാല്‍ നിര്‍മാതാവ് സന്തോഷ് ടി കുരുവിള മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് കഴിഞ്ഞ ദിവസം സൂചനകള്‍ നല്‍കിയിരുന്നു.
മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്ക്കാരായി ഒരേസമയം മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഏറെ ആകാംഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലാണു മമ്മൂട്ടി നായകനാകുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങിയേക്കും.
ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
Get real time update about this post categories directly on your device, subscribe now.