സാധാരണക്കാരന്റെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; അംഗന്‍വാടി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി

ത്രിശ്ശൂര്‍: അംഗന്‍വാടി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരം ലഭ്യമാക്കിയില്ലെങ്കില്‍ ഫണ്ടുകള്‍ കുറയ്ക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

ആറ് വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ആധാര്‍ വിവരങ്ങള്‍ ഈ മാസം ഇരുപത്തിയഞ്ചിനകം ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം.

ഫണ്ട് കുറവു വരാതിരിക്കാന്‍ വിവര ശേഖരണത്തിനായി നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥര്‍ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫണ്ട് നല്‍കുന്ന കൂടുതല്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

സമൂഹത്തിന്റെ താഴേ തട്ടിലുള്ളവര്‍ക്ക് ആശ്രയമായിരുന്ന അംഗന്‍വാടി സേവനങ്ങളില്‍ കൂടി ആധാറിന്റെ പിടി മുറുക്കാന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ പത്ത്, മുപ്പത് തീയതികളില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറി.

ഈ മാസം ഇരുപത്തിയഞ്ചിനകം മുഴുവന്‍ ഗുണഭോക്താക്കളുടെ ആധാര്‍ വിവരങ്ങളും റാപ്പിക് റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടില്‍ കുറവു വരുത്തുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്.

ആറ് വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരാണ് സംയോജിത ശിശു വികസന പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവരുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഫണ്ട് കുറയുന്ന സാഹചര്യം ഒഴിവാക്കാന്‍ സാമൂഹ്യ നീതി വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥര്‍ വിവര ശേഖരണത്തിനായി നെട്ടോട്ടമോടുകയാണ്. ഈ മാസം മുപ്പതിന് ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാരില്‍ നിന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ലഭ്യമാക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് ഇതുവരെ എടുക്കാത്ത ഗുണഭോക്താക്കളുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവര ശേഖരണം പൂര്‍ത്തിയാക്കാനാവുമോ എന്ന ആശങ്കയും ചെറുതല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here