ലക്‌നൌ: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ യുവാവും യുവതിയും ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍പ്രദേശില്‍ വീണ്ടും വിദേശസഞ്ചാരികള്‍ക്ക് നേരെ ആക്രമം.
ജര്‍മനിയിലെ ബെര്‍ലിന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീക് എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഒരു കൂട്ടം ആളുകള്‍ എറീക്കിനെ മര്‍ദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ ജീവനക്കാരനായ അമാല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട്‌സ്ഗഞ്ച് പൊലീസ് ഇയാളെ പിടികൂടിയത്.
അക്രമണ സമയത്ത് മദ്യലഹരിയിലായിരുന്നു അമാല്‍ കുമാര്‍ എന്നാണ് പൊലീസ് വിശദീകരണം. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബെര്‍ലിന്‍ സ്വദേശിയോട് കുമാര്‍ പേരും വിശദാംശങ്ങളും തിരക്കി. മദ്യത്തിന്റെ മണമടിച്ചതിനാല്‍ ജര്‍മന്‍കാരന്‍ പ്രതികരിക്കാതെ നടന്നുനീങ്ങി.
ഇതില്‍ ക്രുദ്ധനായി കുമാറും കൂട്ടുകാരും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം, തന്റെ മുഖത്തടിച്ച ജര്‍മന്‍ പൌരന്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് താന്‍ അയാളെ മര്‍ദ്ദിച്ചതെന്നാണ് അമാല്‍ കുമാറിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് താജ് മഹല്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സ്വിസ് സംഘത്തെ അഞ്ചു യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളടക്കമുള്ള സംഘത്തെ യുവാക്കള്‍ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചംഗ സംഘം അറസ്റ്റിലായിരുന്നു.
ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും ആയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
Get real time update about this post categories directly on your device, subscribe now.