സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും അറസ്റ്റില്‍; നടപടി അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി

സൗദി അറേബ്യയില്‍ 11 രാജകുടുംബാംഗങ്ങളും നാല് മന്ത്രിമാരും പത്തിലേറെ മുന്‍മന്ത്രിമാരും അറസ്റ്റില്‍. അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണു നടപടി.

മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരനടക്കം നാലു മന്ത്രിമാരെ പുറത്താക്കി സൗദി ഭരണതലത്തില്‍ വലിയ മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ വിപുലമായ അധികാരങ്ങളോടെ പുതിയ അഴിമതി വിരുദ്ധ സമിതിയാണു 11 രാജകുടുംബാംഗങ്ങളെയും നാല് മന്ത്രിമാരെയും പത്തിലേറെ മുന്‍മന്ത്രിമാരെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
പൊതുമുതല്‍ സംരക്ഷിക്കാനും അഴിമതിക്കാരെ ശിക്ഷിക്കാനുമാണു നടപടികളെന്നു സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2009ലെ ജിദ്ദ പ്രളയവും മെര്‍സ് വൈറസ് പകര്‍ച്ചവ്യാധിയും പുനരന്വേഷിക്കാന്‍ ഒരുങ്ങുകയാണെന്ന് അഴിമതിവിരുദ്ധ സമിതി അറിയിച്ചു.

അഴിമതി വിഷയത്തില്‍ ഏതു കേസും അന്വേഷിക്കാനും ആരെയും അറസ്റ്റ് ചെയ്യാനും യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഫണ്ടു വിനിയോഗവും വ്യക്തികളുടെ സമ്പത്തും നിരീക്ഷിക്കാനും ഈ സമിതിക്ക് അധികാരമുണ്ടാകും.

സൗദി മന്ത്രി സഭയിലും വലിയ മാറ്റം വരുത്തി. തന്ത്രപ്രധാന സുരക്ഷാസേനയായ സൗദി നാഷനല്‍ ഗാര്‍ഡ്‌സിന്റെ ചുമതലയുള്ള മന്ത്രി മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരനെ മാറ്റി. പകരം ഖാലിദ് ഇയാഫ് അല്‍ മുഖ്രിന്‍ രാജകുമാരനെ നിയോഗിച്ചു.

സാമ്പത്തിക, ആസൂത്രണമന്ത്രിയുമായ ആദില്‍ ഫഖീഹിനെയും മന്ത്രി സഭയില്‍ പുറത്താക്കി. മുഹമ്മദ് അല്‍ തുവൈജിരിയാണു പുതിയ സാമ്പത്തിക, ആസൂത്രണ മന്ത്രി.

നാവികസേനാ മേധാവി അബ്ദുല്ല അല്‍സുല്‍ത്താനെയും മാറ്റി ഫഹദ് അല്‍ഖഫീലിയെ പകരം നിയമിക്കുകയും ചെയ്തു.അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സൗദിയിലെ ശതകോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News