എന്‍റെ പേരില്‍ കള്ളം പ്രചരിപ്പിക്കരുത്; ഗെയില്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തെന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ പി രാജീവ്

കൊച്ചി: ഗെയില്‍ വാതകപൈപ്പ് ലൈന്‍ വിരുദ്ധസമരം ഉദ്ഘാടനം ചെയ്‌തെന്ന കള്ളപ്രചരണങ്ങളെ തുറന്നുകാട്ടിയാണ് സിപിഐഎം എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ് രംഗത്തെത്തിയത്.

വാതക ബോംബിന് മുകളില്‍ ജീവിക്കാനാവില്ലെന്ന മുദ്രാവാക്യമുയര്‍ത്തി പട്ടിത്തറയില്‍ സംഘടിപ്പിച്ച പരിപാടി താന്‍ ഉദ്ഘാടനം ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന്ഫേസ്ബുക്കിലൂടെ  രാജീവ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വാതക ബോംബിന് മുകളിൽ ജീവിക്കാനാവില്ല എന്ന മുദ്രാവാകും ഉയർത്തി പട്ടിത്തറയിലെവിടെയോ നടന്ന യോഗം ഞാൻ ഉദ്ഘാടനം ചെയ്തായി ചില സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല . ഇതുവരെയും പട്ടിത്തറയിൽ പോകാൻ അവസരവും കിട്ടിയിട്ടില്ല.
എന്നാൽ, ഗെയിലുമായി ബന്ധപ്പെട്ട എറണാകുളത്തു നടന്ന സമരങ്ങളിൽ സജീവമായി ഇടപ്പെട്ടിരുന്നു.. കർഷകരുടെ ആശങ്കകൾ പരിഹരിക്കുക, ന്യായമായ നഷ്ട പരിഹാരം നൽകുക , ജനധിവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കുന്ന തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ സമരസമിതിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ള മഹദ് വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. വാതക ബോംബ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ പദ്ധതി യേ പാടില്ല എന്ന മുദ്രാവാക്യം ഉയർത്തിയ ചില സംഘടനകൾ പരിപാടികൾക്ക് ക്ഷണിച്ചെങ്കിലും അതിനോട് യോജിപ്പില്ലാത്തതു കൊണ്ട് തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നില്ല.
ആദ്യം ചർച്ചകൾക്ക് പോലും ഗെയിൽ തയ്യാറായില്ല. പിന്നീട് 30 ശതമാനം നഷ്ടപരിഹാരം നൽകാമെന്നതിലേക്ക് എത്തി . 50 ശതമാനമെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാട് സ്വീകരിച്ചു. എൽ ഡി എഫ് അധികാരത്തിൽ വന്നതോടെ ആ അവശ്യം ഗെയിലിനെ കൊണ്ട് അംഗീകരിപ്പിച്ചു. വിളകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കി. സാധ്യമായ മാറ്റങ്ങൾ അലൈമെന്റിൽ വരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. പൊതു ധാരണയോടെ പൈപ്പിടൽ പൂർത്തിയായി. കുറഞ്ഞ നിരക്കിൽ എഫ് എ സി ടി ക്ക് എൽഎൻജി ഉറപ്പ് വരുത്തി. അത് കമ്പനിക്ക് പുതിയ ഉണർവ് നൽകി.
ഇതേ രീതിയിൽ തന്നെയാണ് ബി പി സി എൽ പെട്രോളിയം ലൈൻ വലിച്ചപ്പോൾ ഇടപ്പെട്ടതും പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തിയതും.
ജനങ്ങൾക്ക് പരമാവധി ആനുകൂല്യം ഉറപ്പുവരുത്താൻ ഇടപ്പെട്ടതിലും സാധ്യമായ ആശ്വാസം ഉറപ്പുവരുത്താൻ കഴിഞ്ഞതിലും അഭിമാനമുണ്ട്. എന്നാൽ ആശങ്കകൾ നിർമ്മിച്ച് പദ്ധതിയെ തന്നെ എതിർക്കുന്നത് നാടിന്റെ പൊതുതാൽപര്യത്തിന് എതിരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News