ഗെയില്‍ പദ്ധതി വൈകിയാല്‍ കേരളത്തിന് 398 കോടിയുടെ നഷ്ടം; അന്ന് പറഞ്ഞതൊക്കെ കുഞ്ഞാലിക്കുട്ടി മറന്നാലും കേരളത്തിന് മറക്കാനാകുമോ

തിരുവനന്തപുരം: ചിലര്‍ അങ്ങനെയാണ്. അധികാരത്തിലിരിക്കുമ്പോള്‍ പറയുന്നത് അധികാരം നഷ്ടമാകുമ്പോള്‍ മറന്നുപോകും. അങ്ങനെയുള്ളവരെ അത് ഓര്‍മ്മിപ്പിക്കുന്നതില്‍ തെറ്റില്ല. ഗെയില്‍ വിരുദ്ധ സമരവുമായി രംഗത്തെത്തിയ കുഞ്ഞാലിക്കുട്ടിയും യു ഡി എഫ് നേതാക്കളും അക്കൂട്ടത്തില്‍ പെടും. ഇവര്‍ക്ക് അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. എന്നാല്‍ തെളിവുകള്‍ അങ്ങനെയല്ലല്ലോ. അത് നീണ്ട് നിവര്‍ന്ന് അങ്ങനെ കിടക്കുകയാണ്.

ഗെയില്‍ പദ്ധതിയെക്കുറിച്ച് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞതൊക്കെ കേട്ടവര്‍ക്ക് ഇത് ബോധ്യമാകും. ഗെയില്‍ പദ്ധതിയിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി ഗെയ്‌ലിനെ അനുനയിപ്പിക്കുന്നതില്‍ വിജയിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഗെയില്‍ സമ്മതിക്കുകയും ചെയ്തിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്.

പദ്ധതി വൈകുന്നത് മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 398 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന്റെ ചോദ്യത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2015 ജൂണ്‍ 29ന് നടന്ന നിയമസഭാ സമ്മേളനത്തിലാണ് ഐസക്കിന്റെ ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയത്.

ഹരിത വാതകമായ ദ്രവീകൃത പ്രകൃതി വാതകം അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത ദോഷവിമുക്തമാണെന്നും നാഫ്ത, കല്‍ക്കരി, ഫര്‍ണസ് ഓയില്‍, ഡീസല്‍, പെട്രോള്‍ തുടങ്ങിയവയേക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ദ്രവീകൃത പ്രകൃതി വാതകം ഇതിലൂടെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

എന്തായാലും കുഞ്ഞാലിക്കുട്ടിയുടേയും യുഡിഎഫ് നേതാക്കളുടേയും നിലപാട് മാറ്റം കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്.
\\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News