രാജ്യത്ത് മാനസികാരോഗ്യ ചികിത്സ ഫലപ്രദമായി നല്‍കുന്നതില്‍ കേരളം മുന്നില്‍. എല്ലാ ജില്ലയിലും ഫലപ്രദമായ ചികിത്സ ലഭ്യമാകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിന്റെ (നിംഹാന്‍സ്) നേതൃത്വത്തില്‍ തയ്യാറാക്കിയ ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ പറയുന്നു.
ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ജീവനക്കാരെ വിന്യസിക്കുന്നതിലും കേരളത്തിന്റെ മികവ് സര്‍വേ എടുത്തുപറയുന്നു. മാനസികാരോഗ്യ നയം രൂപീകരിച്ചതും പ്രധാനമാണ്. ജില്ലാ തല മാനസികാരോഗ്യ പദ്ധതിയില്‍-ഡിഎംഎച്ച്പി (ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗാം) 100 ശതമാനം നേട്ടം കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ചികിത്സയില്‍ പരിശീലനം, ബോധവല്‍ക്കരണം, സൈക്യാട്രിസ്റ്റുമാരടങ്ങുന്ന വിദഗ്ധ സംഘം വിവിധ ആശുപത്രികളില്‍ എത്തി രോഗികളെ ചികിത്സിക്കല്‍ തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മാനസികാരോഗ്യ ചികിത്സ പ്രാദേശികാടിസ്ഥാനത്തില്‍ വ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
1996 മുതല്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നതില്‍ ഏറ്റവും പ്രധാന്യത്തോടെ കാണുന്നത് ഡിഎംഎച്ച്പിയെയാണ്. മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ 50 ശതമാനത്തിലേറെ നേട്ടം കൈവരിക്കാനായത്.
പൊതുമേഖലയില്‍ ചികിത്സാ സൌകര്യം ഒരുക്കുന്നതിലും മുന്നിലാണ്.
ജനസംഖ്യാനുപാതികമായി ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. 400 സൈക്യാട്രിസ്റ്റുകളും 211 ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റുകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളെല്ലാം ഒരു ലക്ഷം പേര്‍ക്ക് ഒരു സൈക്യാട്രിസ്റ്റിനെ പോലും ഒരുക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് സര്‍വേ പറയുന്നു. എഴുതപ്പെട്ട മാനസികാരോഗ്യ നയമുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
10 മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സര്‍വേയില്‍ മികച്ച സ്‌കോര്‍ നേടി രണ്ടാം സ്ഥാനത്തെത്താന്‍ കേരളത്തിനായി. ചികിത്സാ സൌകര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും അത് വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ലെന്ന് കോഴിക്കോട് ഇംഹാന്‍സിലെ അസി. പ്രൊഫസറും സര്‍വേയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ടി എം ഷിബുകുമാര്‍ പറഞ്ഞു.
സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മാനസികാരോഗ്യ മേഖലയില്‍ പ്രത്യേക കര്‍മപദ്ധതി ഒരുങ്ങുകയാണ്. രാജ്യത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വ്യാപ്തി അറിയാനും ചികിത്സാ സൌകര്യം നിര്‍ണയിക്കാനുമായാണ് ദേശീയ തലത്തില്‍ സര്‍വേ.
കേരളം, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, അസം, മണിപ്പുര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സര്‍വേ നടത്തി.
Get real time update about this post categories directly on your device, subscribe now.