കോഴിക്കോട് :ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.
വ്യവസായമന്ത്രിയും ഗെയില്‍ പ്രതിനിധികളും പങ്കെടുക്കും. എല്ലാ രാഷ്ട്രീയപാര്‍ടി പ്രതിനിധികളെയും സമരസമിതി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും നഷ്ടപരിഹാരം ഉറപ്പാക്കാനും ക്രിയാത്മക ഇടപെടലുകളാണ് ആരംഭിച്ചത്. കേരളത്തിന്റെ സാമൂഹ്യപുരോഗതിക്കും ഊര്‍ജവികസനത്തിനും നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന പദ്ധതിയെന്ന നിലക്കാണ് ഇതിനെ പരിഗണിക്കുന്നത്.
അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനം.
പദ്ധതിക്ക് നാട്ടുകാര്‍ എതിരല്ലെന്നാണ് പൊതു വിലയിരുത്തല്‍. ഭൂമി നഷ്ടപ്പെടുമെന്ന ഭയവും നഷ്ടപരിഹാരം കിട്ടില്ലെന്ന പ്രചാരണവുമാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ലെന്ന രീതിയിലാണ് പ്രചാരണം.
ജനങ്ങളുടെ ആശങ്കകളെ ചില മതതീവ്രവാദസംഘടനകളും നിക്ഷിപ്ത താല്‍പ്പര്യക്കാരും വൈകാരികമായി ഉപയോഗപ്പെടുത്തുന്നുവെന്ന വിലയിരുത്തലുണ്ട്. ജനങ്ങളെ പരമാവധി ബോധ്യപ്പെടുത്തി മുന്നോട്ടുപോവാനാണ് സര്‍ക്കാരിന്റെയും ഗെയിലിന്റെയും ശ്രമം.
പ്രകൃതിവാതക പൈപ്പുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈ, ബംഗളൂരു, ഡല്‍ഹി, കൊച്ചി നഗരഹൃദയത്തിലൂടെ പോകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യങ്ങള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളെ ഭയപ്പെടുത്താന്‍ ആസൂത്രിത നീക്കമുണ്ട്.
വീട്ടില്‍ കയറിയുള്ള പ്രചാരണത്തിനുപുറമേ സോഷ്യല്‍ മീഡിയവഴി കുപ്രചാരണം ശക്തമാണ്. മറ്റേതോ തീപിടിത്ത രംഗങ്ങള്‍ ചേര്‍ത്ത് പൈപ്പ്‌ലെന്‍ പൊട്ടിത്തെറിയായി പ്രചരിപ്പിക്കുന്നു.
പൈപ്പ് പൊട്ടുന്നതും പൊള്ളലേറ്റ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതുമുള്ള വീഡിയോകള്‍ വാട്ട്‌സ്ആപ് വഴിയും മറ്റും നാട്ടുകാരിലെത്തിക്കുന്നു. വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മൂന്നുദിവസമായി മുക്കവും പരിസര പ്രദേശങ്ങളും ശാന്തമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒരു അനിഷ്ടസംഭവവുമുണ്ടായില്ല. പ്രവൃത്തിയുമായി ഗെയില്‍ മുന്നോട്ടുപോകുന്നു. ആരുടെ ഭാഗത്തുനിന്നും എതിര്‍പ്പില്ല.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് സര്‍ക്കാരും ഗെയിലും ഒരുക്കമാണ്. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ഗെയില്‍ അറിയിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.