ഇന്ത്യൻ കോഫീ ഹൗസിൽ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് കെ എൻ ലളിത

തൃശൂര്‍: ഇന്ത്യൻ കോഫീ ഹൗസ് ഭരണ സമിതിയിലേക്ക് സിഐടിയു പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലേയാണ് ലളിതയുടെ അഭ്യർത്ഥന. കോഫീ ഹൗസിന്റെസ്ഥാപക അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയും സ്ഥാപക സെക്രട്ടറി പരേതനായ എൻ. എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയുമാണ് ലളിത.

ആദ്യത്തെ ഇന്ത്യൻ കോഫീ ഹൗസ് തൃശ്ശൂരിൽ തുറക്കാൻ തൊ‍ഴിലാളികൾക്കു പണമില്ലാതെ വന്നപ്പോൾ താലിമാലയടക്കമുള്ള ആഭരണങ്ങൾ ഊരിക്കൊടുത്ത ചരിത്രവുമുണ്ട് ലളിതയ്ക്ക്. “ഇനി കോഫീ ഹൗസാണ് ലളിതയുടെ ആഭരണം” എന്നാണ് അന്ന് എകെജി പറഞ്ഞത്.

തന്റെ ഭർത്താവ് അടക്കമുള്ള കോഫീ ഹൗസിന്റെ ആദ്യ കാല നേതാക്കൾ ഉണ്ണാതെയും ഉറങ്ങാതെയുമാണ് കോഫീ ഹൗസിനെ മാതൃകാ പ്രസ്ഥാനമാക്കിയത് എന്ന് ലളിത അനുസ്മരിക്കുന്നു. കോഫീ ഹൗസ് സാമ്പത്തിക ഭദ്രത നേടുന്നതു വരെ എടുക്കാവുന്നതിനേക്കാൾ കുറഞ്ഞ ശമ്പളം കൈപ്പറ്റിയാണ് അവർ ജോലി ചെയ്തത്. കാപ്പിപ്പൊടിയുടെ കവറുണ്ടാക്കുന്നതുപോലുള്ള ജോലികൾ കോഫീ ഹൗസ് ജീവനക്കാരുടെ ഭാര്യമാരായ താനടക്കമുള്ളവർ ചെയ്തു കൊടുത്തിരുന്നു. ഇതൊക്കെ എകെജിയുടെ ആശയങ്ങളായിരുന്നു.

എകെജിയിൽനിന്ന് നേരിട്ടു പഠിച്ചവരുടെ തലമുറ ഇല്ലാതായതോടെയാണ് കോഫീ ഹൗസിന്റെ നാശം തുടങ്ങിയത്. കോഫീ ഹൗസ് ഉണ്ടായത് ചില ആദർശങ്ങളിൽനിന്നാണ്. ആ ആദർശങ്ങൾ കൈവിട്ടാൽ കോഫീ ഹൗസ് നശിക്കും. അതുകൊണ്ടാണ് എൺപത്തൊന്നാം വയസ്സിൽ കോഫീ ഹൗസ് ഭരണസമിതിയിലേയ്ക്ക് മത്സരിക്കാൻ താൻ രംഗത്തു വന്നത്. കോഫീ ഹൗസിന്റെ പ്രമോട്ടർമാരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ എന്ന നിലയ്ക്ക് അത് തന്റെ കടമയാണ്.

കോഫീ ഹൗസിനു പിന്നിൽ ഒരു തത്വശാസ്ത്രമുണ്ട്. ഒരു രാഷ്ട്രീയമുണ്ട്. എകെജിയുടെ ആശയഗതി പിന്തുടരുന്നവർക്കേ കോഫീ ഹൗസിനെ നയിക്കാനാകൂ. താൻ എതിരില്ലാതെ ഭരണ സമിതി അംഗമായി. അതിൽ സന്തോഷമുണ്ട്. ബാക്കി 10 സ്ഥാനങ്ങളിലേയ്ക്ക് നവംബർ 19-ന് വോട്ടെടുപ്പു നടക്കുകയാണ്. സിഐടിയുവും എഐടിയുസിയും ചേർന്നു സംഘടിപ്പിച്ച ‘സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി’ മത്സരരംഗത്തുണ്ട്. മുന്നണിയുടെ സ്ഥാനാർത്ഥികൾ ജയിക്കണം. കോഫീ ഹൗസിനെ നയിക്കാൻ എകെജിയുടെ നേരവകാശികളെത്തന്നെ തെരഞ്ഞെടുക്കണമെന്ന് കോഫീ ഹൗസിലെ പുതിയ തലമുറ ജീവനക്കാരോട് കെ എൻ ലളിത അഭ്യർത്ഥിച്ചു.

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ കോഫീ ബോർഡ് തൊ‍ഴിലാളി സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 19ന് തൃശ്ശൂരിലാണ് നടക്കുന്നത്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫീ ഹൗസുകൾ നടത്തുന്ന സഹകരണ സംഘമാണ് ഇത്. ഇന്ത്യാ കോഫീ ബോർഡ് പിരിച്ചുവിട്ട തൊ‍ഴിലാളികൾക്ക് ജോലി നല്കാൻ എകെജി മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് സംഘം. ഒരു പതിറ്റാണ്ടായി കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടായ്മയാണ് സംഘം ഭരിക്കുന്നത്. ഏതാനും വർഷങ്ങളായി കോഫീ ഹൗസ് ഭരണ നേതൃത്വം അ‍ഴിമതി ആരോപണങ്ങളിൽ പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News