ഗെയില്‍ പദ്ധതിയുടെ പ്രവൃത്തികള്‍ തുടരുമെന്ന് മലപ്പുറം കലക്ടര്‍; കൃഷിക്കും ഭൂമിയ്ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയിട്ടുണ്ട്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ തുടരുമെന്ന് കലക്ടര്‍ അമിത് മീണ. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് തുടരാനും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

58 കിലോമീറ്റര്‍ ദൂരമാണ് മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. കോഴിക്കോട് വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഭൂമി നഷ്ടപ്പെടുന്നവരെ കൂടുതല്‍ ബോധവല്‍ക്കരിക്കും. നിര്‍മാണ പ്രവൃത്തികള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

എംഐ ഷാനവാസ് എംപി, പൈപ്പ് ലൈന്‍ കടന്നുപോവുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടുദിവസം മുമ്പു നോട്ടീസ് നല്‍കുമെന്ന് എംഎല്‍എമാര്‍ക്ക് ഉറപ്പുനല്‍കി.

പൈപ്പ് ലൈന്‍ കടന്നുപോവുന്ന പതിനഞ്ചു പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി വീടു നഷ്ടപ്പെടുന്നവരില്ല. നഷ്ടം സംഭവിക്കുന്ന കൃഷിക്കും ഭൂമിയ്ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here