ഭര്‍ത്താവിന്റെ രഹസ്യബന്ധം ഭാര്യ കണ്ടെത്തി; ഖത്തര്‍ വിമാനത്തില്‍ നാടകീയരംഗങ്ങള്‍

യാത്രക്കാരായിരുന്ന ഇറാനിയന്‍ ദമ്പതികളുടെ കലഹത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു. ഖത്തര്‍ എയര്‍വേഴ്‌സിന്റെ ദോഹ-ബാലി വിമാനത്തിലായിരുന്നു അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.

ഭര്‍ത്താവറിയാതെ ഭാര്യ മൊബൈല്‍ നോക്കി രഹസ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകളുപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് തുറന്ന് ഫോണ്‍ പരിശോധിക്കുകയായിരുന്നു.

ഫോണില്‍ നിന്ന് ഭര്‍ത്താവിന് രഹസ്യ ബന്ധം കണ്ടെത്തിയതോടെ ഭാര്യയ്ക്ക് കലിയിളകി. ചതി തിരിച്ചറിഞ്ഞ ഇവര്‍ ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ചു. ഒപ്പം സീറ്റില്‍ നിന്നെഴുന്നേറ്റ് ബഹളവും തുടങ്ങി.

ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. നേരത്തെ കഴിച്ചിരുന്ന മദ്യത്തിന്റെ ലഹരിയില്‍ ഇവര്‍ അക്രമാസക്തയായി.

ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു. പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് വിമാനം ബാലിയിലേക്ക് യാത്ര തുടര്‍ന്നു.

ഇതോടെ ഇവരെക്കൊണ്ടുള്ള പൊല്ലാപ്പ് ചെന്നൈ വിമാനത്താവള ലോഞ്ചിലായി. വിസാ പ്രശ്‌നങ്ങളും മറ്റും കണക്കിലെടുത്ത് ഇവരെ വിമാനത്താവളത്തിന് പുറത്തുവിടാനായില്ല.

സുരക്ഷാ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തന്നെ തുടരാന്‍ അനുവദിച്ചു.

പിന്നീട് ഭാര്യയുടെ മദ്യത്തിന്റെ കെട്ടുവിട്ടപ്പോള്‍ ക്വാലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here