48 ട്രെയിനുകള്‍ കൂടി സൂപ്പറായി; 75 രൂപ വരെ ചാര്‍ജ് വര്‍ധന

48 എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ കൂടി സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ച് റെയില്‍വേ പരോക്ഷ നിരക്കു വര്‍ധന നടപ്പിലാക്കി. ഇതോടെ സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യുന്നതിന് 30 രൂപ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് എന്ന നിലയില്‍ അധികമായി നല്‍കേണ്ടിവരും. സെക്കന്‍ഡ്, തേര്‍ഡ് എ സി ടിക്കറ്റുകള്‍ക്ക് 45, 75 രൂപ വീതവും അധികം നല്‍കണം.

എന്നാല്‍ ഈ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് വര്‍ധിക്കുക. ഫലത്തില്‍ യാത്രാസമയത്തില്‍ കാര്യമായ നേട്ടം ഇല്ലാതെതന്നെ ഈ ട്രെയിനുകള്‍ക്ക് കൂടിയ ചാര്‍ജ് നല്‍കേണ്ട സ്ഥിതിയാണുണ്ടാവുക.

എക്‌സ്പ്രസ്, മെയില്‍ വണ്ടികള്‍ സൂപ്പര്‍ഫാസ്റ്റ് ആക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അധിക സൗകര്യങ്ങള്‍ ഈ ട്രെയിനുകളില്‍ ഒരുക്കിയിട്ടില്ല. പുതിയ നിരക്കുവര്‍ധനയോടെ 70 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേയ്ക്ക് ലഭിക്കുക.

പുതിയ സൂപ്പര്‍ ട്രെയിനുകള്‍ കേരളത്തിലുണ്ടോയെന്ന് അറിവായിട്ടില്ല. പൂനെ-അമരാവതി എ സി എക്‌സ്പ്രസ്, പാടലീപുത്ര-ചണ്ഡീഗഢ് എക്‌സ്പ്രസ്, ഡല്‍ഹി-ത്താന്‍കോട്ട് എക്‌സ്പ്രസ്, കാണ്‍പൂര്‍-ഉധംപൂര്‍ എക്‌സ്പ്രസ്, റോക്ക് ഫോര്‍ട്ട് -ചെന്നൈ തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, ടാറ്റാ-വിശാഖപട്ടണം എക്‌സ്പ്രസ്, മുംബൈ-മഥുര എക്‌സ്പ്രസ്, മുംബൈ-പാട്‌ന എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് സൂപ്പറാക്കിയിരിക്കുന്നത്.

സൂപ്പര്‍ഫാസ്റ്റ് നിരക്ക് ഈടാക്കുന്ന ട്രെയിനുകള്‍ നിര്‍ദ്ദിഷ്ട വേഗത പാലിക്കുന്നില്ലെന്ന് നേരത്തെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്
കുറ്റപ്പെടുത്തിയിരുന്നു. സൂപ്പര്‍ഫാസ്റ്റ് സേവനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്ക് അധികചാര്‍ജ് തിരികെ നല്‍കണമെന്നും സിഎജി നിര്‍ദ്ദേശിച്ചിരുന്നു.

ശീതകാല സമയപ്പട്ടിക പുതുക്കിയതിനൊപ്പമാണ് പുതിയ നിരക്കും പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, ശൈത്യകാലമാകുന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പല തീവണ്ടികളും മണിക്കൂറുകളോളം വൈകിയോടുന്ന സാഹചര്യമാണുണ്ടാവുക. അതോടെ വേഗം വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് പ്രയോജനമൊന്നും ചെയ്യില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel