മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ വിരാമവേളയിൽ സീതാറാം യെച്ചൂരി എ‍ഴുതുന്നു

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാന പ്രകാരം ഒക്ടോബര്‍വിപ്ളവ ശതാബ്ദിയില്‍ സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ ഇന്ന് പര്യവസാനിക്കുകയാണ്. സോഷ്യലിസത്തിന്റെ നേട്ടങ്ങളും 20-ാം നൂറ്റാണ്ടിന്റെ ചരിത്ര രൂപീകരണത്തില്‍ അത് നല്‍കിയ സംഭാവനകളും മനുഷ്യരാശിയുടെ നാഗരികത്വത്തിന്റെ മുന്നേറ്റത്തില്‍ അത് ചാര്‍ത്തിയ മായ്ക്കാനാകാത്ത മുദ്രകളും ഉയര്‍ത്തിക്കാട്ടി പാര്‍ടിയുടെ എല്ലാ തലങ്ങളിലുള്ള ഘടകങ്ങളും പ്രത്യയശാസ്ത്രപരവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ സംഘടിപ്പിച്ചിരുന്നു. മൂലധനത്തിന്റെ ആദ്യ വോള്യം പ്രസിദ്ധീകരിച്ചതിന്റെ നൂറ്റമ്പതാം വാര്‍ഷികവും (1867 സെപ്തംബര്‍) കാള്‍ മാര്‍ക്സ് ജനിച്ചതിന്റെ ഇരുനൂറാം വാര്‍ഷികവും ഒക്ടോബര്‍വിപ്ളവ ശതാബ്ദി ആഘോഷങ്ങളുടെ അനുബന്ധമായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്‍ നല്‍കിയ എല്ലാ സംഭാവനകളും സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിനും ഭൂമിയിലെങ്ങുമുള്ള തൊഴിലെടുക്കുന്നവരുടെ പോരാട്ടങ്ങള്‍ക്കും നല്‍കിയ പ്രചോദനം രേഖപ്പെടുത്തപ്പെട്ടു. ഒക്ടോബര്‍ വിപ്ളവാനന്തരമാണ് ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ രൂപപ്പെട്ടതും ആഗോളമായിത്തന്നെ മനുഷ്യമോചനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടം തീവ്രമായതും.

സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം തകരുന്നതിലേക്കും അതുവഴി സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാകുന്നതിലേക്കും നയിച്ച കാര്യങ്ങള്‍ എന്താണെന്നും എങ്ങനെയാണെന്നും സിപിഐ എം വിലയിരുത്തിയിട്ടുണ്ട്. സോഷ്യലിസത്തിന് തിരിച്ചടികള്‍ സംഭവിച്ചത് ഒരു സര്‍ഗാത്മകശാസ്ത്രമെന്ന നിലയ്ക്കുള്ള എന്തെങ്കിലും അപര്യാപ്തത കൊണ്ടല്ല എന്ന അനുമാനമാണ് സിപിഐ എമ്മിനുള്ളത്. മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ളവകരമായ ഉള്ളടക്കത്തില്‍നിന്നുള്ള വിട്ടുപോകലാണ് പ്രാഥമികമായും തിരിച്ചടികള്‍ക്കു കാരണം. അതുകൊണ്ടുതന്നെ ഈ തിരിച്ചടികള്‍ മാര്‍ക്സിസം- ലെനിനിസത്തിന്റെയോ സോഷ്യലിസ്റ്റ് ആശയങ്ങളുടെയോ പരാജയമായി വിലയിരുത്താനാകില്ല.

ചരിത്രത്തിന്റെ ഭാഗമായി ചുരുങ്ങിയ ഒരു വിപ്ളവത്തിന്റെ ശതാബ്ദി ആചരിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് നമ്മുടെ വിമര്‍ശകരും കമ്യൂണിസ്റ്റ്വിരുദ്ധരുമെല്ലാം തുടര്‍ച്ചയായി ചോദിക്കുന്നത്. ഒക്ടോബര്‍ വിപ്ളവത്തിന്റെ നേട്ടങ്ങളും സംഭാവനകളും എന്തുതന്നെയായാലും അത് നിലനില്‍ക്കാത്ത സാഹചര്യത്തില്‍ എന്തിനാണ് ശതാബ്ദി ആഘോഷം എന്നാണ് ചോദ്യം? സോവിയറ്റ് യൂണിയന്‍ ഇന്ന് നിലനില്‍ക്കുന്നില്ലായിരിക്കാം. എന്നാല്‍, വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒക്ടോബര്‍ വിപ്ളവത്തിനും വിപ്ളവാനുഭവങ്ങള്‍ക്കും ശാശ്വതമായ പ്രസക്തിയുണ്ട്.

ഒന്ന്, മനുഷ്യവിമോചനത്തിനായുള്ള പോരാട്ടം പ്രയോഗതലത്തില്‍ വിജയം കൈവരിക്കുമെന്നാണ് ഒക്ടോബര്‍ വിപ്ളവം കാണിച്ചുതന്നത്. ആ ആത്മവിശ്വാസം നമ്മെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒക്ടോബര്‍ വിപ്ളവത്തിന് വിജയം നേടാനാകുമെങ്കില്‍ നമ്മുടേതടക്കമുള്ള രാജ്യങ്ങളിലും വിപ്ളവങ്ങള്‍ വിജയിക്കും.
സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ സമരം നടത്താതെ ഒരു വിപ്ളവസമരവും വിജയിക്കില്ലെന്നാണ് ഒക്ടോബര്‍ വിപ്ളവം തെളിയിച്ചത്. മൂലധനത്തിന്റെ സംയോജനവും കേന്ദ്രീകരണവും കുത്തക മുതലാളിത്തത്തിലേക്ക് നയിക്കുമെന്ന മാര്‍ക്സിന്റെ നിരീക്ഷണം വികസിപ്പിച്ച ലെനിന്‍ കുത്തകമുതലാളിത്തത്തിന്റെ വളര്‍ച്ച സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലേക്ക് നയിക്കുമെന്ന് വിശദീകരിച്ചു. സാമ്രാജ്യത്വത്തിന്റെ ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണി ആദ്യം തകര്‍ക്കാന്‍ കഴിയുന്നതിന്റെ സാധ്യത ലെനിന്‍ സൈദ്ധാന്തികമായി മുന്നോട്ടുവച്ചു. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട് അവസാനിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളില്‍ ഈ ദുര്‍ബലമായ കണ്ണി റഷ്യയായിരുന്നു. ഇതാണ് സാമ്രാജ്യത്വവിരുദ്ധ സമരത്തെ വിമോചനത്തിനായുള്ള ആഭ്യന്തരയുദ്ധമായി പരിവര്‍ത്തിപ്പിക്കാന്‍ റഷ്യയിലെ തൊഴിലാളികള്‍ക്ക് അവസരം നല്‍കിയത്.

ഇന്നത്തെ ലോക സാഹചര്യത്തില്‍ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ആവിര്‍ഭാവത്തോടെയും സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ മുന്നേറ്റത്തോടെയും സാമ്രാജ്യത്വത്തിനകത്തെ സ്പര്‍ധകള്‍ ഒരു പരിധിവരെ നിശ്ശബ്ദമാക്കപ്പെട്ടുവെന്നാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വിലയിരുത്തിയത്. സാമ്രാജ്യത്വകാലത്തെ ആഗോളവല്‍ക്കരണത്തിന്റെ ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നേതൃത്വത്തില്‍ അത് മൂലധനസമാഹരണം തീവ്രമാക്കിക്കൊണ്ടിരിക്കയാണ്. ലാഭം പരമാവധിയാക്കാനുള്ള നെട്ടോട്ടത്തില്‍ വ്യവസായം ഉള്‍പ്പെടെയുള്ള മൂലധനത്തിന്റെ എല്ലാ ഘടകങ്ങളെയും ഇന്ന് അന്താരാഷ്ട്ര ധനമൂലധനം അതിന്റെ വലയില്‍ കുരുക്കുന്നു. മൂലധന സമാഹരണവും ലാഭം കുന്നുകൂട്ടലും പരമാവധിയാക്കുന്നതിലേക്ക് നയിക്കുംവിധം പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനാണ് അന്താരാഷ്ട്ര ധനമൂലധനം നേതൃത്വം നല്‍കുന്നത്. ലാഭം പരമാവധിയാക്കാന്‍ ലക്ഷ്യമിട്ടുള്ള മുതലാളിത്തത്തിന്റെ ഈ പിടിച്ചുപറി സ്വഭാവം ആഗോളമായും ഓരോ രാജ്യത്തും ആഭ്യന്തരമായും സാമ്പത്തിക അസന്തുലിതാവസ്ഥ അങ്ങേയറ്റം മൂര്‍ച്ഛിപ്പിച്ചുകൊണ്ടിരിക്കുകയും അതേസമയം ആഗോളമായി ഭൂരിഭാഗം തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുംമേല്‍ ഹീനമായ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു.

ഇന്ന് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം രണ്ടുതരത്തില്‍ നടത്തേണ്ടതുണ്ട്- അതത് രാജ്യങ്ങളിലും ആഗോളമായും. നിലവിലുള്ള നവലിബറല്‍ സാമ്പത്തിക ക്രമത്തിനെതിരെയുള്ള സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ത്തന്നെ തീവ്രമായ സാമ്പത്തികചൂഷണത്തിനും സാമ്രാജ്യത്വ സൈനിക ആക്രമണത്തിനും സൈനിക ഇടപെടലുകള്‍ക്കും എതിരെ ലോകമെങ്ങും തുടരുന്ന സമരങ്ങള്‍ ആഗോളമായ സാമ്രാജ്യത്വ വിരുദ്ധ സമരമായി ഏകോപിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ ആഗോളതലത്തില്‍ ചെയ്യേണ്ടത്.

താരതമ്യേന പിന്നോക്കാവസ്ഥയിലുള്ള മുതലാളിത്ത വികസിത രാജ്യമായ റഷ്യയിലെ സാമ്രാജ്യത്വ ചങ്ങലുടെ കണ്ണിയാണ് ഒക്ടോബര്‍ വിപ്ളവത്തില്‍ പൊട്ടിത്തകര്‍ന്നത്. ജര്‍മനിയുടെ തകര്‍ച്ചയോടെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന ദൃഢവിശ്വാസമാണ് അന്നുമുതലുണ്ടായതെങ്കിലും അങ്ങനെ സംഭവിച്ചില്ല. വികസിത ജര്‍മനിയിലെ തൊഴിലാളിവര്‍ഗം റഷ്യയിലെ പിന്നോക്കാവസ്ഥയിലുള്ള തൊഴിലാളിവര്‍ഗത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നായിരുന്നു ലെനിന്റെ പ്രതീക്ഷ. അത് തകര്‍ന്നതോടെ റഷ്യയിലെ സോഷ്യലിസത്തിന്റെ നിലനില്‍പ്പ് അങ്ങേയറ്റം ക്ളേശകരമായ വെല്ലുവിളിയായി മാറി. പിന്നോക്കാവസ്ഥയിലുള്ള ഒരു സമ്പദ്ഘടനയെ സോഷ്യലിസത്തിലേക്ക് നയിക്കുന്നതിന് സജ്ജമാക്കാന്‍ വിപ്ളവത്തിന്റെ വിവിധ ഘട്ടങ്ങള്‍ എന്ന സിദ്ധാന്തമാണ് ലെനിന്‍ ആവിഷ്കരിച്ചത്. ഒക്ടോബര്‍ വിപ്ളവത്തിലൂടെ രൂപംകൊണ്ട വിപ്ളവത്തിന്റെ ജനാധിപത്യ ഘട്ടത്തിന്റെയും സോഷ്യലിസ്റ്റ് ഘട്ടത്തിലേക്കുള്ള അതിന്റെ പരിവര്‍ത്തനത്തിന്റെയും അനുഭവങ്ങള്‍ വര്‍ത്തമാനകാല സാഹചര്യത്തിലും പ്രസക്തമാണ്.

ഇന്നത്തെ ഇന്ത്യയിലെ വിപ്ളവസമരങ്ങള്‍ വിപ്ളവത്തിന്റെ ജനാധിപത്യ ഘട്ടത്തിന്റെ പ്രത്യക്ഷീകരണമായാണ് സിപിഐ എം പാര്‍ടി പരിപാടി മനസ്സിലാക്കുന്നത്. അതായത് ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്ന് ഇന്ത്യ സ്വതന്ത്രയാകുന്ന ഘട്ടം മുതലുള്ള അപൂര്‍ണമായ കര്‍ത്തവ്യങ്ങള്‍. അവ ഇനി പറയുന്നവയാണ്.

1) ഇന്ത്യയെ സാമ്രാജ്യത്വചങ്ങലയില്‍നിന്ന് മോചിപ്പിക്കുക- അതായത് സാമ്രാജ്യത്വവിരുദ്ധ കര്‍ത്തവ്യം. 2) ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുക- അതായത് ഭൂപ്രഭു വിരുദ്ധ കര്‍ത്തവ്യം. 3) ഇന്ത്യന്‍ ബൂര്‍ഷ്വാസി നയിക്കുന്ന ഇന്നത്തെ ഭരണവര്‍ഗത്തെ പുറത്താക്കുക- അതായത് മേല്‍പ്പറഞ്ഞ രണ്ടു കര്‍ത്തവ്യങ്ങള്‍ക്കും മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് കുത്തക മുതലാളിത്തമാണെന്നിരിക്കെ കുത്തക മുതലാളിത്തത്തിനെതിരെയുള്ള ദൌത്യം.
ഈ മൂന്ന് ദൌത്യങ്ങള്‍-

സാമ്രാജ്യത്വ വിരുദ്ധവും ഭൂപ്രഭുവിരുദ്ധവും കുത്തക മുതലാളിത്ത വിരുദ്ധവുമായ- വിപ്ളവത്തിന്റെ ജനാധിപത്യഘട്ടത്തില്‍ വിജയം കൈവരിക്കേണ്ടത് നിലവിലുള്ള ബൂര്‍ഷ്വാ- ഭൂപ്രഭു ഭരണവര്‍ഗത്തെ പുറന്തള്ളിക്കൊണ്ട് വര്‍ഗശക്തികള്‍ നയിക്കുന്ന സഖ്യത്തിന്റെ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിച്ചുകൊണ്ടാകണം.

തൊഴിലാളികളുടെയും കര്‍ഷകരുടെയും മുന്നണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഒരു പിന്നോക്ക രാജ്യത്ത് വിപ്ളവം വിജയിക്കൂ എന്നാണ് ഒക്ടോബര്‍ വിപ്ളവം കാണിച്ചുതന്നത്. കമ്യൂണാര്‍ഡുകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തുന്നതില്‍ ഭരണവര്‍ഗം വിജയംകണ്ട പാരീസ് കമ്യൂണില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ലെനിന്‍ സ്പഷ്ടമായി പറഞ്ഞത് കാര്‍ഷികമേഖലയിലെയും ഗ്രാമങ്ങളിലെയും ചൂഷിതവിഭാഗങ്ങളെ വിപ്ളവസഖ്യത്തില്‍ അണിനിരത്തണമെന്നാണ്. സാമൂഹിക പരിവര്‍ത്തനത്തിന് വിപ്ളവകാരികളുടെ കൈയിലുള്ള ശക്തമായ ആയുധമാണ് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി- കര്‍ഷക സഖ്യം.
കാര്‍ഷിക വിപ്ളവത്തെ ജനാധിപത്യവിപ്ളവത്തിന്റെ അച്ചുതണ്ടായാണ് സിപിഐ എം പരിപാടി വിശദീകരിക്കുന്നത്. ഈ വിഷയം നമ്മുടെ പാര്‍ടി കോണ്‍ഗ്രസുകളിലും ഇന്നത്തെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യങ്ങളിലും ഊന്നിപ്പറഞ്ഞ കാര്യമാണ്.

കൊളോണിയല്‍ ജനത സ്വാതന്ത്യ്രത്തിനായി നടത്തുന്ന സമരങ്ങളെ സാമ്രാജ്യത്വത്തിനെതിരെയുള്ള വിമോചന സമരങ്ങളുമായി ഏകോപിപ്പിക്കണമെന്ന് ലെനിന്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒക്ടോബര്‍വിപ്ളവ കാലത്ത് നിലനിന്ന സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തിന്റെയും ദേശീയ സ്വാതന്ത്യ്ര പോരാട്ടങ്ങളുടെയും സാര്‍വദേശീയത ഇന്നത്തെ സാഹചര്യത്തില്‍ വ്യത്യസ്ത രൂപങ്ങളില്‍ പ്രസക്തമാണ്. 2008ല്‍ ആരംഭിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ ആഗോള മുതലാളിത്തം കൈക്കൊണ്ട ഉപാധികള്‍ എല്ലാം രൂക്ഷമായ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. തൊഴിലാളിവര്‍ഗത്തിനും തൊഴിലെടുക്കുന്നവര്‍ക്കും മേല്‍ മുമ്പെങ്ങുമില്ലാത്ത വിധം ‘ചെലവുചുരുക്കല്‍ നടപടികള്‍’ അടിച്ചേല്‍പ്പിച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഇപ്പോഴത്തെ ശ്രമം അവരുടെ വേതനത്തിന്റെയും ഉപജീവന സാഹചര്യങ്ങളുടെയും ഇപ്പോഴത്തെ നിലവാരം ഗണ്യമായി കുറയ്ക്കുന്നു. വേതനത്തിലും പെന്‍ഷനിലും സാമൂഹിക സുരക്ഷാ ചെലവുകളിലും വന്‍തോതില്‍ ഇടിവ് സംഭവിക്കുന്നു. സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കയറുന്നതിന് കൂടുതല്‍ തീവ്രമായ സാമ്പത്തിക ചൂഷണം അടിച്ചേല്‍പ്പിക്കാനാണ് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ആഗോള മുതലാളിത്തം ആഗ്രഹിക്കുന്നതും എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും.

സാമ്പത്തികമായ പ്രതിസന്ധികള്‍, ചൂഷണങ്ങള്‍, ആഘാതങ്ങള്‍ എന്നിവയ്ക്കെതിരെ പല രാജ്യങ്ങളിലും തൊഴിലാളി വര്‍ഗത്തിന്റെയും തൊഴിലാളികളുടെയും ശക്തമായ പ്രതിഷേധം നടക്കുകയാണ്. എന്നാല്‍, ഈ പ്രക്ഷോഭങ്ങള്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് വിശേഷിപ്പിച്ച പോലെ പ്രതിരോധപരമാണ്. ആവര്‍ത്തിക്കുന്ന ആക്രമണങ്ങളില്‍നിന്ന് ഉപജീവനോപാധികളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. മൂലധനത്തിന്റെ വാഴ്ചയ്ക്കെതിരെ ഭാവിയില്‍ ശക്തിപ്പെടുത്തേണ്ടതും ഉയര്‍ത്തപ്പെടേണ്ടതുമായ പോരാട്ടങ്ങളുടെ അടിത്തറ ഈ സമരങ്ങളാണ്.

മുതലാളിത്തത്തിന്റെ പ്രതിസന്ധി തീവ്രമാണെങ്കിലും മുതലാളിത്തം ഒരിക്കലും സ്വാഭാവികമായി തകരില്ല. അതുകൊണ്ടുതന്നെ മുതലാളിത്തത്തെ പുറന്തള്ളേണ്ടിയിരിക്കുന്നു. മുതലാളിത്ത വാഴ്ചയ്ക്കെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്താന്‍ ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും വര്‍ഗസമരം തീവ്രമാക്കുകയും വേണം. ഈ ഭൌതിക ശക്തിയുടെ രൂപപ്പെടലും അതിന്റെ ശക്തിയും ‘ആത്മനിഷ്ഠ ഘടകങ്ങള്‍’ ആണെങ്കിലും അത് അനിവാര്യമാണെന്ന് ലെനിന്‍ വിശദീകരിക്കുന്നു. വസ്തുനിഷ്ഠ ഘടകം- പ്രതിസന്ധിയുടെ മൂര്‍ത്തമായ സാഹചര്യം- എന്തായാലും വിപ്ളവത്തിന് ഹിതകരമായതായിരിക്കാമെങ്കിലും ഈ ആത്മനിഷ്ഠ ഘടകങ്ങള്‍ ശക്തിപ്പെടുത്താതെ അതിനെ മുതലാളിത്ത വാഴ്ചയ്ക്കെതിരെയുള്ള വിപ്ളവകരമായ പ്രഹരമായ മാറ്റിയെടുക്കാനാകില്ല.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ആത്മനിഷ്ഠ ഘടകത്തെ ശക്തിപ്പെടുത്തുന്നതിന് മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനത്തെ അടിസ്ഥാനമാക്കിയാകണം നമ്മുടെ പാര്‍ടി ഒക്ടോബര്‍വിപ്ളവ ശതാബ്ദി ആഘോഷിക്കേണ്ടതും നമ്മുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടത്തേണ്ടതും. പാര്‍ടി സംഘടനയെ ഊര്‍ജസ്വലമാക്കാന്‍ സംഘടനാ പ്ളീനം നടത്താന്‍ ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചു. ബഹുജന കാഴ്ച്ചപ്പാടുള്ള വിപ്ളവപാര്‍ടിയാണ് സിപിഐ എം എന്നാണ് പ്ളീനം തീരുമാനിച്ചത്. ഇന്ത്യന്‍ ജനതയുമായുള്ള നമ്മുടെ ബന്ധം ഗാഢമാക്കുന്ന പ്രക്രിയയിലൂടെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ആത്മനിഷ്ഠ ഘടകത്തെ ശക്തിപ്പെടുത്തണമെന്ന കാഴ്ചപ്പാടാണ് പ്ളീനം മുന്നോട്ടുവച്ചത്.

ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഒക്ടോബര്‍വിപ്ളവത്തിന്റെ ശതാബ്ദി ആചരണം കാര്യമായ സംഭാവനകള്‍ നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News