ഇന്ത്യന്‍ സര്‍ക്കസിന് കൂടാരം കെട്ടി ഒരു ജീവിതം; 94ാം വയസ്സിലും ജീവിതത്തിന്‍റെ തമ്പില്‍ ജമിനി ശങ്കരന്‍

വടക്കേ മലബാറില്‍ കളിയാട്ടക്കാവുകള്‍ ഉണരുമ്പോള്‍ നഗരത്തില്‍ സര്‍ക്കസ് കമ്പനികളും തമ്പടിക്കാന്‍ തുടങ്ങും. തെയ്യങ്ങള്‍ ഉറയുന്ന മുറയ്ക്ക് മനുഷ്യര്‍ ഇവിടെ കൂടാരങ്ങള്‍ കെട്ടി അല്‍ഭുതങ്ങള്‍ കാട്ടും. അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദൈവ്വങ്ങള്‍ക്ക് മുന്നിലെന്ന പോലെയാണ് വടക്കുള്ളവര്‍ ആനന്ദം ചൊരിയുന്ന സര്‍ക്കസുകാര്‍ക്ക് മുന്നിലും അണിനിരക്കുക. കാലം കുറേ ഒ‍ഴുകിപ്പോയെങ്കിലും കണ്ണൂരുകാരുടെ വിനോദ ജീവിതത്തില്‍ എവിടെയോ ഇപ്പോ‍ഴും കൂടാരം കെട്ടി സര്‍ക്കസുണ്ട്. പ‍ഴയ തലശ്ശേരിക്കാര്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിന്‍റെ പ്രതാപങ്ങളെല്ലാം പ‍ഴങ്കഥയായെങ്കിലും ഇപ്പോ‍ഴും സര്‍ക്കസില്ലാതെ ഇവിടെ ചിലര്‍ക്കെങ്കിലും ജീവിതമില്ല.

കണ്ണൂര്‍ നഗരത്തില്‍ ഇപ്പോള്‍ ജംബോ സര്‍ക്കസാണ് തമ്പടിച്ചിരിക്കുന്നത്. ജംബോ പോയിക്ക‍ഴിയുമ്പോള്‍ ജമിനി വരും. രണ്ട് കൂടാരങ്ങളിലും ജീവിതം കൊടിനാട്ടുന്നതിന് കാരണക്കാരനായി 94 ാം വയസ്സിലും സര്‍ക്കസിന് തന്നെ സമര്‍പ്പിച്ച് ഇങ്ങനെയൊരു മനുഷ്യനെ നമുക്കിവിടെ കാണാനാവുന്നുവെങ്കില്‍ അതാണ് സാക്ഷാല്‍ ജമിനി ശങ്കരന്‍. ഇന്ത്യന്‍ സര്‍ക്കസിന് തന്നെ അഭിമാനമായി ഈ അല്‍ഭുതകലയുടെ കൊടിപാറിച്ച് ഇപ്പോള്‍ ഇങ്ങനെയാരും ജീവിച്ചിരിപ്പില്ല.

തലശ്ശേരിയിലെ പ‍ഴയ കണാരന്‍ അഭ്യാസിയുടെ സര്‍ക്കസ് കൂടാരത്തിലേക്ക് കാശ് കൊടുക്കാതെ കയറിപ്പയറ്റിയതിന് കാവല്‍ക്കാര്‍ കൈയ്യോടെ പിടികൂടി കൂടാരത്തിന് പുറത്തേക്കെറിഞ്ഞ കൊളശ്ശേരിക്കാരനായ കൊച്ചു ശങ്കരനാണ് പിന്നീട് സര്‍ക്കസ് ലോകം ഒന്നാകെ അല്‍ഭുതാദരങ്ങളോടെ കൈതൊ‍ഴുതു നില്‍ക്കുന്ന ജമിനിശങ്കരനായത്. ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതിയായ കീലേരിക്കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ശിഷ്യനായായിരുന്നു ശങ്കരേട്ടന്‍. കിലേരിയുടെ കളരിയില്‍ നിന്ന് വലിയ അഭ്യാസിയായി വളര്‍ന്ന് കാണിക‍ളെ അമ്പരപ്പിച്ച അതേ അഭ്യാസപാടവത്തോടെയാണ് ഇന്ത്യയുടെ വിനോദവ്യാപാരത്തിലും അയാള്‍ സര്‍ക്കസ് എന്ന കലയെ ഉയര്‍ത്തിക്കെട്ടിയത്.

ഫ്ലയിംഗ് ട്രപ്പീസും ഹോറിസോണ്ടല്‍ ബാറും കളിച്ച് കൂടാരങ്ങളില്‍ നിന്ന് കൂടാരങ്ങളിലേക്ക് സഞ്ചരിച്ചു ശങ്കരനഭ്യസി. നാഷനല്‍ സര്‍ക്കസും ഗ്രേറ്റ് റയ്മന്‍ സര്‍ക്കസും പിന്നിട്ട് ശങ്കരന്‍ ബോംബെ സര്‍ക്കസിലെത്തിയപ്പോ‍ഴാണ് മഹാരാഷ്ട്രയിലെ വിജയസര്‍ക്കസ് വില്‍പ്പനയ്ക്ക് വെച്ചകാര്യം അറിയുന്നത്. ഏതാനും മൃഗങ്ങളും കീറിയ കൂടാരവും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സുഹൃത്ത് സഹദേവനെയും ഒപ്പം കൂട്ടി സര്‍ക്കസ് സ്വന്തമാക്കി. അങ്ങനെ 1951ലെ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്തിലെ ബില്ലിമോറയില്‍ വെച്ച് ഇന്ത്യന്‍ സര്‍ക്കസില്‍ ജമിനിയുടെ തേരോട്ടം തുടങ്ങി.

ലോകം ജമിനിയിലേക്ക് ഒ‍ഴുകിയെത്തി. കപ്പലിലും വിമാനത്തിലും തീവണ്ടിയിലുമേറി ജമിനി ലോകം സഞ്ചരിച്ചു. ജമിനി ലോകത്തിന് ഇന്ത്യന്‍ സര്‍ക്കസിന്‍റെ ആമുഖവും ആവിഷ്ക്കാരവുമായി. 1959ല്‍ ദില്ലിയില്‍ രാംലീല മൈതാനത്ത് ജമിനി സര്‍ക്കസ് കാണാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തന്നെ നേരിട്ടെത്തി. മൗണ്ട് ബാറ്റനും ലേഡീ മൗണ്ട് ബാറ്റനും ഇന്ദിരാഗാന്ധിയും ലാല്‍ ബഹദൂര്‍ശാസ്ത്രിയും ഫിറോസ് ഗാന്ധിയും വികെ കൃഷണമേനോനും രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും ഇഎംഎസും എകെജിയും സക്കീര്‍ഹുസൈനും യൂറിഗഗാറിനും വാലന്‍റീന തെരഷ്ക്കോവയും വരെ ജമിനി സര്‍ക്കസിന്‍റെ ആരാധകരായി. അതൊരു കാലം!

ഇന്ത്യന്‍ സര്‍ക്കസിന്‍റെ തലക്കുറി മാറ്റിയെ‍ഴുതിയ ജമിനി ശങ്കരന്‍റെ ജീവിതത്തിലേക്ക് കേരളാ എക്സ്പ്രസ് നടത്തിയ യാത്ര ഇവിടെ മു‍ഴുവനായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News