അനന്തപുരിയിലെ പോരാട്ടം മഴ കൊണ്ടുപോകുമോ? കാര്യവട്ടത്ത് കനത്ത മഴ തുടരുന്നു; മത്സരം വൈകുന്നു; പ്രതീക്ഷയും പ്രാര്‍ത്ഥനയും കൈവിടാതെ കായികപ്രേമികള്‍

തിരുവനന്തപുരം: അനന്തപുരിയില്‍ വിരുന്നെത്തിയ ആദ്യ രാജ്യാന്തര ട്വന്റി ട്വന്റി പോരാട്ടത്തിന് മഴ ഭീഷണിയാകുന്നു. മത്സരം നടക്കേണ്ട കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും സമീപത്തും കനത്തമഴയാണ് പെയ്യുന്നത്. മഴ മാറിയാല്‍ തിരുവനന്തപുരത്ത് ട്വന്റി20 വിരുന്ന് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, ഇന്ത്യയും ന്യൂസിലന്‍ഡും പരമ്പരയിലെ അവസാന മത്സരത്തിന്റെ ആവേശത്തിലാണ് കായികപ്രേമികള്‍. ഇരുടീമുകളും ഓരോമത്സരം വീതം ജയിച്ചതിനാല്‍ കാര്യവട്ടത്തെ പോരാട്ടത്തിന് കലാശക്കളിയുടെ വീറും വാശിയുമുണ്ട്.

ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. ദില്ലിയില്‍ നടന്ന ആദ്യ കളിയില്‍ കിവികളെ 53 റണ്ണിന് തുരത്തി ഇന്ത്യ കരുത്തുകാട്ടി. രാജ്‌കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു. ഇന്ത്യ 40 റണ്ണിന് തോറ്റു. സമീപകാലത്ത് ഒരു പരമ്പരപോലും കൈവിടാതെയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും കുതിപ്പ്. ആ മികവ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.

കോളിന്‍ മണ്‍റോയുടെയും മാര്‍ടിന്‍ ഗപ്റ്റിലിന്റെയും ബാറ്റിങ് കരുത്തിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. പ്രത്യേകിച്ചും മണ്‍റോ. സിക്‌സറുകള്‍ പായിക്കാന്‍ അസാമാന്യ കഴിവുണ്ട് മണ്‍റോയ്ക്ക്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്രൂസ് എന്നിവരും പ്രതീക്ഷ നല്‍കുന്നു. ബൌളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട്, മിച്ചെല്‍ സാന്റ്‌നെര്‍, ആദം മില്‍നെ, ഇഷ് സോധി എന്നിവരുമുണ്ട്.

മഹേന്ദ്ര സിങ് ധോണിയാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. രാജ്‌കോട്ടില്‍ ധോണിയുടെ ബാറ്റിങ് പ്രകടനം വിമര്‍ശം വിളിച്ചുവരുത്തി. വി വി എസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ധോണി ട്വന്റി20 മതിയാക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്‌കോട്ടില്‍ അരങ്ങേറ്റം കുറിച്ച പേസര്‍ മുഹമ്മദ് സിറാജിനെ ഗ്രീന്‍ഫീല്‍ഡില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. സിറാജിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിച്ചേക്കും.

തിരുവനന്തപുരം ആവേശത്തിലാണ്. പക്ഷേ, തുടര്‍ച്ചയായി പെയ്യുന്ന മഴ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. തിങ്കളാഴ്ച പകല്‍ പൂര്‍ണമായും തിരുവനന്തപുരം നഗരം മഴയില്‍ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിലൊന്നും വൈകുന്നേരങ്ങളില്‍ മഴപെയ്തിരുന്നില്ല എന്ന ആശ്വാസത്തിലാണ് സംഘാടകര്‍. മല്‍സരസമയത്തിന് ഒരു മണിക്കൂര്‍മുമ്പ് മഴ നിന്നാല്‍ സ്റ്റേഡിയത്തിലെ വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയാനാവുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെത്തുന്ന ആദ്യ രാജ്യാന്തര ട്വന്റി20യില്‍ റണ്ണൊഴുകുമെന്നാണ് അധികൃതരുടെ വാദം.

തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്തു. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്ക് തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ മുന്നറിയിപ്പുണ്ട്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മികച്ച ഡ്രെയ്‌നേജ് സംവിധാനം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയ്‌നേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ ഇപ്പോള്‍ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്.

വെള്ളം തുടച്ചുനീക്കുന്നതിനായി മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ സ്റ്റേഡിയത്തിലുണ്ട്. മത്സരത്തിനിടെ പെയ്താലും മഴ നിന്ന് 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കാനാകുമെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു.

ടീം: ഇന്ത്യ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, മഹേന്ദ്ര സിങ് ധോണി, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, യുശ്വേന്ദ്ര ചഹല്‍. ന്യൂസിലന്‍ഡ് കോളിന്‍ മണ്‍റോ, മാര്‍ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, ടോം ബ്രൂസ്, ഗ്‌ളെന്‍ ഫിലിപ്‌സ്, ഹെന്റി നിക്കോള്‍സ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചെല്‍ സാന്റ്‌നെര്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News