നോട്ട് നിരോധനം ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നുവെന്ന് യെച്ചൂരി; ഗുണം ലഭിച്ചത് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മാത്രം

ദില്ലി: നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നോട്ട് നിരോധനത്തിന്റെ ഗുണ ഫലങ്ങള്‍ ലഭിച്ചത് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമാണെന്നും യെച്ചൂരി പറഞ്ഞു. പ്രധാന മന്ത്രിയുടെ ആലോചനാശൂന്യമായ പ്രവര്‍ത്തിയുടെ ഫലമായുണ്ടായ ദുരന്തമായിരുന്നു നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നോട്ട് നിരോധനം നേട്ടമായിരുന്നു എന്ന് വിശദീകരിച്ച് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാന മന്ത്രിയും കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തി. രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികള്‍ ആയപ്പോള്‍ നോട്ട് നിരോധനം വന്‍ വിജയമായി മാറിയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായെന്നും മോദി അവകാശപ്പെട്ടു.

അതേസമയം, നോട്ട് നിരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ നടന്ന ക്രൂരമായ കടന്നാക്രമണമായിരുന്നു നോട്ട് നിരോധനമെന്ന് സീതാറാം യെച്ചൂരി ട്വിറ്റര്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തി.

കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുകയും ആ പണത്തിനു പലിശ നല്‍കുകയുമാണ് ചെയ്യുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന്റെ കെടുതികളെ കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിയാണെന്നു തെളിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.

മോദിയുടെ ചിന്താ ശൂന്യമായ പ്രവര്‍ത്തിയും രാജ്യം കണ്ട ദുരന്തവുമായിരുന്നു നോട്ട് നിരോധനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതവും ഉപജീവന മാര്‍ഗവും തകര്‍ത്തുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനം പ്രതിപക്ഷം കരിദിനമായി ആചരിക്കുമ്പോള്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here