
ഉമ്മന്‍ചാണ്ടി മുതല്‍ യു.ഡി.എഫ്. മന്ത്രിസഭയിലെ മിക്കവരെയും പങ്കാളികളാക്കി കടന്നുപോയ സോളാര്‍ കേസിന്റെ തുടക്കം ലക്ഷ്മി നായര്‍ എന്ന തട്ടിപ്പുകാരിയെക്കുറിച്ച് ലഭിച്ച വിവരത്തില്‍നിന്നായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ വാര്‍ത്തയ്ക്ക് പിറകെ പോയപ്പോള്‍ ഓരോ ഘട്ടവും പുതിയ കണ്ടെത്തലുകളായി. സോളാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആ നിമിഷങ്ങളിലൂടെ ഒരു യാത്ര..
2013 ഏപ്രില്‍ മാസം…
കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് കണ്ണൂര്‍ എത്തിയപ്പോഴാണ് ലക്ഷ്മി നായര്‍ എന്ന തട്ടിപ്പുകാരിയെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മറ്റുമന്ത്രിമാരുമായും ലക്ഷ്മി നായര്‍ക്കുള്ള ബന്ധങ്ങളുടെ വിവരങ്ങളും പിന്നാലെ ലഭിച്ചു. ഇതോടെ ഗൗരവമായ അന്വേഷണങ്ങള്‍ക്കായി ഞങ്ങള്‍ ഇറങ്ങിത്തിരിച്ചു.
വഴിയെ, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങള്‍ ഓരോന്നായി ലഭിച്ച് തുടങ്ങി. പക്ഷെ തെളിവിനായി രേഖകള്‍ ഒന്നും കയ്യിലേക്ക് എത്താത്ത അവസ്ഥ. വിവരങ്ങള്‍ കൈരളി ടി.വി. എം. ഡി ജോണ്‍ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, എക്‌സി. എഡിറ്റര്‍ എം.രാജീവ് എന്നിവരെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടേ ഇരുന്നു. രേഖകള്‍ സംഘടിപ്പിക്കാനുള്ള പ്രോല്‍സാഹനവും പിന്തുണയും തന്നത് അവരായിരുന്നു. അതിനായി ആഴ്ചകള്‍ നീണ്ട അന്വേഷണമായിരുന്നു പിന്നീട്.
അപ്പോഴേക്കും കണ്ണൂര്‍ ബ്യൂറോയില്‍ നിന്നും മലബാര്‍ റീജ്യണല്‍ ചീഫ് ആയി കോഴിക്കോട്ട് ചുമതലയേറ്റിരുന്നു. ഒടുവില്‍ 2013 ജൂണ്‍ 11 രാവിലെ 10 മണി… കൃത്യമായ രേഖകളുടെ പിന്‍ബലത്തില്‍ പീപ്പിള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തു. കേരളം ഞെട്ടിത്തരിച്ച നിമിഷങ്ങളായിരുന്നു പിന്നീട് …
ലക്ഷ്മി നായര്‍ എന്ന സരിതാ നായരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് ആദ്യഘട്ടത്തില്‍ പീപ്പിള്‍ പുറത്ത് വിട്ടത് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും സരിത നിരന്തരം ഫോണ്‍ ചെയ്തതിന്റെ രേഖകള്‍..
ഉമ്മന്‍ ചാണ്ടിയുമായും അദ്ദേഹത്തിന്റെ സ്വന്തക്കാരായിരുന്ന ജോപ്പനും ജിക്കുമോനും സലീം രാജും പാവം പയ്യന്‍ കുരുവിളയുമൊക്കെയായി സരിത ദീര്‍ഘനേരം നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍, യു.ഡി.എഫ്. സര്‍ക്കാറിലെ ഭൂരിഭാഗം മന്ത്രിമാരും എം.എല്‍.എ. മാരുമൊക്കെയായി സരിത നടത്തിയ ഇടപാടുകള്‍…
ദിവസവും പുതിയ ബ്രേക്കിംഗുകള്‍ കൊടുത്തുകൊണ്ടേയിരുന്ന ദിനങ്ങള്‍. മറുവശത്ത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഭീഷണികളുടെയും പ്രലോഭനങ്ങളുടെയും കുത്തൊഴുക്കുകള്‍ക്കും കുറവുണ്ടായിരുന്നില്ല.
ഉമ്മന്‍ ചാണ്ടി എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ ആദര്‍ശത്തിന്റെ പൊയ്മുഖം മലയാളി സമൂഹത്തിന് മുന്നില്‍ പിച്ചിച്ചീന്തപ്പെട്ട ദിനങ്ങളായിരുന്നു അത്. അഴിമതിക്കറ പുരണ്ട ഉമ്മന്‍ ചാണ്ടിയുടെ സ്വന്തക്കാര്‍ ഓരോന്നായി പുറത്തേക്ക് പോകുന്ന കാഴ്ചയായിരുന്നു പിന്നീട്. പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് ഐതിഹാസികമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച ദിനങ്ങള്‍.
സോളാര്‍ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രതാപത്തിന് മുന്നില്‍ നിഷ്പ്രഭനായ രമേശ് ചെന്നിത്തലയ്ക്ക് പുതുജീവന്‍ ലഭിച്ചു. ഹൈക്കമാന്റിന് മുന്നില്‍ ഉമ്മന്‍ ചാണ്ടി അനഭിമതനായി. വി.എം.സുധീരന്‍ കെ.പി.സി.സി. നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു .
സോളാറിന്റെ രണ്ടാം ഘട്ടത്തില്‍ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും കൂട്ടുപ്രതിയായ മണി ലാലിനെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ഇടപെടലുകളും പീപ്പിള്‍ പുറത്ത് കൊണ്ടുവന്നു.
മണിയുടെ സഹോദരന്‍ റിജേഷിന് കേസ് നടത്തിപ്പിനാവശ്യമായ പണം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി അന്നത്തെ മണലൂര്‍ എം.എല്‍.എ. പി. എ. മാധവനോട് ആവശ്യപ്പെടുന്ന ടെലിഫോണ്‍ സംഭാഷണമായിരുന്നു അതില്‍ പ്രധാനം.
പിന്നീട് പി.എ. മാധവന്റെ വീട്ടിലേക്ക് ചെന്ന റിജേഷിനെയും അമ്മയെയും മാധവന്‍ ചെരിപ്പ് എടുത്ത് അടിക്കാന്‍ ചെല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഞങ്ങളുടെ ക്യാമറാമാന്‍ അനില്‍ കല്യാശേരി ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആയിരുന്നു അത്.
പീപ്പിള്‍ വാര്‍ത്താ സംഘത്തെ സഹായിച്ചു എന്ന് ആരോപിച്ച് കണ്ണൂരിലെ നിജേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടതിനും കേരളം സാക്ഷ്യം വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here