ദില്ലി; ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി ബി ഐ സുപ്രീം കോടതിയിൽ. സംസ്ഥാന പോലീസ് അന്വേഷണം പര്യാപ്തമാണെന്ന് സി ബി ഐ വ്യക്തമാക്കി.നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി അന്വേഷണ കാര്യത്തിൽ തീരുമാനം വൈകിപ്പിച്ചതിൽ സി ബി ഐ യെ വിമർശിച്ചു .

കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ആവർത്തിച്ചു. അഴിമതി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളുടെ ജോലി ഭാരം ഉള്ളതിനാൽ ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചത്.

കേസിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരം ആണെന്നും സി ബി ഐ ചൂണ്ടിക്കാട്ടി.സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രമേ ഈ കേസിൽ ആവശ്യമുള്ളൂ.അന്വേഷണം നടത്താൻ പര്യാപ്തമായ സവിധാനങ്ങൾ കേരള പൊലീസിന് ഉണ്ടെന്നും സി ബി ഐ അഭിഭാഷകൻ പറഞ്ഞു.

അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ മറുപടി നൽകാൻ സമയം ചോദിച്ചത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.സി ബി ഐ തീരുമാനം അല്ല അഡിഷണൽ സോളിസിറ്റർ ജനറലിന്റെ നിർദേശ പ്രകാരമാണ് എന്നായിരുന്നു സി ബി ഐ അഭിഭാഷകന്റെ മറുപടി.

കേസ് പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം എറ്റെടുക്കുമെന്ന പ്രതീതി ഉണ്ടാക്കുകയും നാല് മാസത്തിനു ശേഷം കേസ് ഏറ്റെടുക്കുകയില്ലെന്ന് പറയുകയുമാണ് സി ബി ഐ എന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും കോടതി സി ബി ഐ ക്ക് നിർദേശം നൽകി. സി ബി അന്വേഷണം വേണമോ എന്ന കാര്യത്തിൽ കോടതി തിങ്കളാഴ്ച്ച ഉത്തരവിറക്കും.