ട്രെയിനിലും എബിവിപി ക്കാരുടെ അതിക്രമം; ടിക്കറ്റെടുക്കാത്തവരുടെ സംഘം ജനറൽ കമ്പാർട്ട്മെൻറ് കയ്യടക്കി; കേസെടുക്കുമെന്ന് റെയില്‍വെ

കോ‍ഴിക്കോട്: ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ എ ബി വി പി ക്കാരുടെ അതിക്രമം. ടിക്കറ്റെടുക്കാത്തവരുടെ സംഘം ആളുകളെ കയറ്റാതെ ജനറൽ കമ്പാർട്ട്മെൻറ് കയ്യടക്കി.

മറ്റന്നാൾ തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള മാർച്ചിന് എത്തിയവ എ ബി വി പി ക്കാരാണ് ട്രെയിനിൽ അതിക്രമം കാണിച്ചത്. ഇവർക്കെതിരെ കേസെടുക്കുമെന്ന് ആർ പി എഫ് അറിയിച്ചു.

ഇൻഡോറിൽ നിന്ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് പുറപ്പെട്ട ട്രെയിനിൽ 70 എ ബി വി പി പ്രവർത്തകരാണ് കയറിയത്. ഇൻഡോർ – കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലെ ഒരു ജനറൽ കോച്ച് കയ്യടക്കിയ സംഘത്തിൽ 15 പേർക്ക് ടിക്കറ്റുണ്ടായിരുന്നില്ല.

ജനറൽ കമ്പാർട്ട്മെൻറിലേക്ക് ടിക്കറ്റുള്ള മറ്റു യാത്രക്കാരെ കയറാനും ഇവർ അനുവദിച്ചില്ല. രാവിലെ കണ്ണൂരിൽ നിന്ന് കയറാൻ ശ്രമിച്ചവരെ എ ബി വി പി സംഘം തടഞ്ഞതോടെയാണ് സംഭവം പുറത്തു വന്നത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ യാത്രക്കാർ പരാതിയുമായി ആർ പി എഫിനെ സമീപിച്ചു.

അരമണിക്കൂറോളം കോഴിക്കോട് സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിനിൽ പോലീസും ടിക്കറ്റ് എക്സാമിനറും നടത്തിയ പരിശോധനയിലാണ് 15 പേർക്ക് ടിക്കറ്റില്ലെന്ന് വ്യക്തമായത്. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന എ ബി വി പി മാർച്ചിന് പോകുന്നവരാണെന്ന് സംഘത്തിലുള്ളവർ പറഞ്ഞു.

ടിക്കറ്റിലാത്തവരിൽ നിന്ന് പിഴ ഈടാക്കും. ട്രെയിൻ വൈകാതിരിക്കാനും പിഴ ഈടാക്കാനുമായി ടിക്കറ്റ് പരിശോധനാ സ്ക്വാഡ് അംഗങ്ങൾ കോഴിക്കോട് നിന്ന് ട്രെയിനിൽ കയറി. ടിക്കറ്റുള്ള യാത്രക്കാരെ തടഞ്ഞ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കേസെടുക്കുമെന്ന് ആർ പി എഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here