റണ്‍സൊന്നും വ‍ഴങ്ങാതെ ടി ട്വന്‍റിയില്‍ 10 വിക്കറ്റ്; ഇത് ഇന്ത്യന്‍ അത്ഭുതം ആകാശ് ചൗധിരി

റണ്‍സൊന്നും വ‍ഴങ്ങാതെ ഇന്നിങ്ങ്സിലെ 10 വിക്കറ്റും വീ‍ഴ്ത്തിയെന്ന അപൂര്‍വ റെക്കോഡ് രാജസ്ഥാനിലെ കൗമാര താരത്തിന്. ജയ്പൂരില്‍ നടന്ന ആഭ്യന്തര ട്വന്‍റി-20 മത്സരത്തിലാണ് ആകാശ് ചൗധിരിയുടെ സ്വപ്ന നേട്ടം.

ബാവര്‍ സിങ്ങ് സ്മാരക ക്രിക്കറ്റില്‍ 157 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പേള്‍ അക്കാദമിയുടെ താരങ്ങളെയാണ് റണ്‍സൊന്നും വിട്ടുകൊടുക്കാതെ ആകാശ് പവലിയനിലേക്ക് മടക്കിയത്.

ദിശ ക്രിക്കറ്റ് അക്കാദമിയുടെ ഇടങ്കയ്യന്‍ പേസറായ ആകാശ് ആദ്യ ഓവറില്‍ എതിരാളികളുടെ രണ്ട് വിക്കറ്റ് വീ‍ഴ്ത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ഓവറുകളില്‍ ഈ നേട്ടം ആകാശ് ആവര്‍ത്തിച്ചു.

അവസാന ഓവറിലാകട്ടെ ഹാട്രിക് അടക്കം നാലു വിക്കറ്റുകള്‍ ആകാശിന്‍റെ പേരില്‍. അവസാന മൂന്ന് പന്തുകളിലായിരുന്നു ഹാട്രിക്. ചരിത്രം കുറിച്ച കളിയില്‍ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍റെ കടുത്ത ആരാധകനായ ആകാശിന്‍റെ ബൗളിങ്ങ് പ്രകടനം ഇങ്ങനെ 4-4-0-10.

എട്ട് ഓവറില്‍ 36 റണ്‍സിന് പേള്‍ ആക്കാദമി ഓള്‍ ഔട്ടായതോടെ ദിശ ക്രിക്കറ്റിന്‍റെ ജയം 120 റണ്‍സിന്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ 1999 ല്‍ പാകിസ്ഥാനെതിരെ ഫിറോസ് ഷാ കോട് ല ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റുക‍ള്‍ വീ‍ഴ്ത്തിയിരുന്നു.

1956ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ഓസ്ട്രേലിയക്കെതിരെ 10 വിക്കറ്റുകളും കൊയ്ത ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here