
തിരുവനന്തപുരം: സോളാര്‍ അഴിമതി സംബന്ധിച്ച് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉള്ളത്. ഈ അവസരത്തില്‍ പൊതുസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് മാതൃക കാട്ടണമെന്ന് കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാര്‍, യുഡിഎഫ് എംഎല്‍എമാര്‍ തുടങ്ങിയവരെയെല്ലാം പ്രതികൂട്ടില്‍ നിര്‍ത്തുന്ന നിഗമനങ്ങളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. രാജ്യത്തിന്റെ മുന്‍പില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപമാനിതമാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.
റിപ്പോര്‍ട്ട് ദൂരവ്യാപകഫലം സൃഷ്ടിക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ തനിനിറമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇവരെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
എഐസിസി സെക്രട്ടറി, എംപിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അഴിമതിയെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചെന്നിത്തല പറയുന്നത്. കമ്മീഷനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി യുഡിഎഫ് തന്നെ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അംഗീകരിക്കാത്ത പ്രതിപക്ഷ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നാളിതുവരെ ആരോപണവിധേയരോ, യുഡിഎഫ് നേതാക്കളോ തള്ളിപറഞ്ഞിട്ടില്ല. മുഖം വികൃതമായതിനാല്‍ കണ്ണാടി തല്ലുപൊളിക്കുക എന്ന രീതിയാണ് യുഡിഎഫ് നേതൃത്വം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here