
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്‍റെ ഭാവി ത്രിശങ്കുവിലേക്ക്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യം മുന്‍നിറുത്തി ആരംഭിച്ച പടയൊരുക്കത്തിന് ഇനി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ താരങ്ങളായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ വെള്ളപൂശാനേ സമയമുണ്ടാകൂവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരുടെ വാദം.
അതേസമയം കളങ്കിതരെ പടയൊരുക്കത്തിന്‍റെ വേദിയില്‍ നിന്ന് അകറ്റിനിറുത്തുമെന്ന പ്രതിപക്ഷനേതാവിന്‍റെ പ്രഖ്യാപനമാണ് പടയൊരുക്കത്തിന് ഭീക്ഷണിയായിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് നവംബര്‍ 1 ന് കാസര്‍കോട് തുടക്കമായത്.
കളങ്കിതര്‍ ആരും പടയൊരുക്കത്തിന്‍റെ ഒരു വേദികളിലും ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തോടെ നടക്കുന്ന പടയൊരുക്കം കോഴിക്കോട് എത്തിയപ്പോഴാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലെത്തി അത് പൊതുരേഖയായി മാറിയിരിക്കുന്നത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നായകന്‍മാരായ ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളായ അടൂര്‍പ്രകാശ്.എ.പി.അനില്‍കുമാര്‍,കെ.സി.വേണുഗോപാല്‍,ആര്യാടന്‍ മുഹമ്മദ്,ഹൈബി ഈഡന്‍ എന്നിവരും പടയൊരുക്കത്തിന്‍റെ വീഥിയില്‍ വന്നാല്‍ ചെന്നിത്തല എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്.
ഇത് തന്നെ ജനങ്ങളും ഉറ്റുനോക്കുന്നു.കൂടാതെ പടയൊരുക്കത്തിന്‍റെ ഉദ്ദേശ ലക്ഷ്യം മാറ്റിവച്ച് , ആരോപണ വിധേയരായവരെ വെള്ളപൂശുന്ന പ്രസംഗം യാത്രയിലെ നേതാക്കള്‍ ,ഇനിയുള്ള ജില്ലകളിലുടനീളം നടത്തേണ്ടിവരുമെന്നതാണ് നിലവിലെ സ്ഥിതി.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ സരിതാ എസ്.നായരെ രമേശ് ചെന്നിത്തല വെല്ലുവിളിച്ചത് എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
അത് കൊണ്ട് തന്നെ പല എ ഗ്രൂപ്പ് നേതാക്കളും പടയൊരുക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.പടയൊരുക്കം കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും യാത്രയില്‍ പങ്കെടുക്കിന്നില്ലന്നും അറിയുന്നു.
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുവെന്ന് സരിത വെളിപ്പെടുത്തിയതും എ ഗ്രൂപ്പ് പാളയം ഗൗരവത്തോടയാണ് കാണുന്നത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ,ബലാസംഗകുറ്റത്തിന് നടപടി നേരിടേണ്ടിവരുമെന്ന് പരാമര്‍ശിക്കുന്ന കെ.സി.വേണുഗോപാലിനോട് പടയോരുക്കത്തില്‍ സംബന്ധിക്കരുതെന്ന് ചെന്നിത്തല തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്‍റെ ചുവടുപിടിച്ച് ഐ ഗ്രൂപ്പിലെ മറ്റ് കളങ്കിതര്‍ വിട്ടുനില്‍ക്കുമെന്നും അറിയുന്നു.ഇത്തരത്തിലാകുമ്പോള്‍ ഉദ്ദേശ ലക്ഷ്യം കൈവരിക്കാനാകാതെ പടയൊരുക്കം ത്രിശങ്കുവിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡിസംബര്‍ 1ന് പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ അന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും എന്ത് നിലപാട് സ്വീകരിക്കുമെന്നതും ആശങ്കയുയര്‍ത്തുന്ന ഒന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here