അസൂറിപ്പടയുടെ ആരാധകര്‍ക്ക് ചങ്കിടിപ്പ്; ആറ് പതിറ്റാണ്ടിന് ശേഷം ഇറ്റലിയില്ലാത്ത ആദ്യ ലോകകപ്പോ?; ഇന്ന് സ്വീഡനെ വീ‍ഴ്ത്തിയില്ലെങ്കില്‍ പണിപാളും

സോള്‍ന: ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തരാണ് ഇറ്റാലിയന്‍ പട. ലോകം പാടിപ്പുകഴ്ത്താറുള്ള പ്രതിരോധക്കോട്ടതന്നെയാണ് അസൂറിപ്പടയുടെ എക്കാലത്തേയും കരുത്ത്.

എന്നാല്‍ ചരിത്രം ഇക്കുറി ഇറ്റാലിയന്‍ ഫുട്‌ബോളിനെ ഉറ്റുനോക്കുകയാണ്. ഒപ്പം ആരാധകരും കായികപ്രേമികളും. ആറ് പതിറ്റാണ്ടിനിപ്പുറം ഇക്കുറി ഇറ്റാലിയന്‍ പടയ്ക്ക് മുന്നില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമോയെന്ന ചങ്കിടിപ്പാണ് എങ്ങും ഉയരുന്നത്.

ലോകഫുട്‌ബോളിലെ ഏറ്റവും പ്രതാപശാലികളായ ഇറ്റലി നാല് തവണയാണ് ലോകകപ്പ് ജേതാക്കളായിട്ടുള്ളത്. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ മുത്തമിട്ടതും മറ്റാരുമല്ല.

ഇത്രയൊക്കെയുണ്ടെങ്കിലും ഇക്കുറി പതിവില്ലാത്തവിധം ഇറ്റാലിയന്‍ കരുത്ത് ചോരുന്ന കാഴ്ചയാണ് കാല്‍പന്തുലോകം കണ്ടത്. ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനു പിന്നിലായതാണ് ഇറ്റലിയെ പ്ലേ ഓഫിനു നിര്‍ബന്ധിതരാക്കിയത്.

നാലു തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി ഇല്ലാത്ത ലോകകപ്പിനെക്കുറിച്ച് പുതിയ തലമുറയിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആലോചിക്കാന്‍ പറ്റില്ല. 1958ല്‍ സ്വീഡന്‍ ആതിഥേയരായ ലോകകപ്പിലാണു യോഗ്യത നേടാന്‍ കഴിയാതെ പോയത്.

കരുത്തരായ സ്വീഡനാണ് ഇറ്റലിയുടെ എതിരാളികള്‍. ആദ്യ പാദ പ്ലേ ഓഫ് പോരാട്ടത്തിനാണ് ഇന്ന് കളമുണരുന്നത്. സ്വീഡനെ കീഴടക്കി റഷ്യന്‍ ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അസൂറിപ്പടയുടെ പ്രതീക്ഷ.

ലോകകപ്പ് യോഗ്യത നേടാനായില്ലെങ്കില്‍ ഫുട്‌ബോള്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ബഫണിന് കണ്ണീരോടെ കരിയറിന് വിരാമമിടേണ്ടിവരും. ചരിത്രം ഇറ്റലിക്ക് അനുകൂലമാണ്. 1998നുശേഷം ഇറ്റലി സ്വീഡനോടു പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ യൂറോകപ്പിലേറ്റുമുട്ടിയപ്പോഴും ജയം ഇറ്റാലിയന്‍ പക്ഷത്തായിരുന്നു.

മാത്രമല്ല 1970 ന് ശേഷം നടന്നിട്ടുള്ള ലോകകപ്പുകളില്‍ 12 വര്‍ഷം കൂടുമ്പോള്‍ കലാശക്കളിക്ക് ഇടം കണ്ടെത്തിയിട്ടുണ്ട് എന്ന ചരിത്രവും അസൂറിപ്പടയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

1970, 1982,1994,2006 തുടങ്ങിയ വര്‍ഷങ്ങളിലെ ലോകകപ്പ് പോരാട്ടങ്ങളുടെ കലാശക്കളിക്ക് ഇറ്റലി ഇടം കണ്ടിരുന്നു. 70 ലും 94 ലും കണ്ണീരണിഞ്ഞെങ്കിലും 82 ലും 2006 ലും കിരീടത്തില്‍ മുത്തമിട്ടത് അസൂറിപ്പടയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here