ബ്യൂണസ് ഐറിസ് : ആധുനിക കാല്‍പന്തുലോകത്തെ മഹാരഥന്‍ ആരെന്ന ചോദ്യത്തിന് മെസിയെന്ന് ഉത്തരം പറയുന്നവരാണ് ഏറിയപങ്കും. വിമര്‍ശകരാകട്ടെ ലോകകപ്പില്ലാത്ത അര്‍ജന്റീനയെ ചൂണ്ടികാട്ടിയാണ് മെസിയെ മാറ്റി നിര്‍ത്തുന്നത്.

എന്നാല്‍ അര്‍ജന്റീനയുടെ ആരാധകരെ ആവേശത്തിലാക്കുന്ന ഉഗ്രപ്രതിജ്ഞയുമായി മെസി രംഗത്തെത്തിക്കഴിഞ്ഞു. ലോകഫുട്‌ബോളിലെ എക്കാലത്തേയും മഹാരഥന്‍മാരുടെ പട്ടികയില്‍ മുന്നിലെത്താന്‍ മെസിക്ക് ഒരു ലോകകപ്പിന്റെ അകലം മാത്രമാണുളളത്. എന്നാല്‍ കപ്പുയര്‍ത്തുക അത്ര എളുപ്പമല്ലെന്ന് ഏവര്‍ക്കുമറിയാം.

പക്ഷെ റഷ്യയില്‍ ലോകകപ്പിന്റെ പന്തുരുളുമ്പോള്‍ കണക്കുതീര്‍ക്കാനും ചരിത്രത്തിലെ മഹാരഥന്‍മാരെയെല്ലാം പിന്നിലാക്കാനും കൂടിയാണ് അര്‍ജന്റീനയുടെ നായകന്‍ ബൂട്ടുകെട്ടുന്നത്.

2014 ലോകകപ്പിലും രണ്ടുവട്ടം കോപ്പയുടെ കലാശക്കളിയിലും കണ്ണീരണിഞ്ഞതിന്റെയും അപമാനഭാരത്താല്‍ തലകുനിഞ്ഞതിന്റെയുമെല്ലാം കണക്കുതീര്‍ക്കുമെന്ന ഭീഷ്മ പ്രതിജ്ഞയിലാണ് കാല്‍പന്തുലോകത്തെ മിശിഹ.

ലോകകപ്പ് കൈവരിക്കാനായാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടിയിലൂടെ ലിയോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു തീര്‍ത്ഥ യാത്ര പോകും. അതും കാല്‍നടയായി 68 കിലോമീറ്റര്‍ സഞ്ചരിച്ച്.

ജന്മനഗരമായ റൊസാരിയോയിലെ സാന്‍ നികോളാസിലേക്ക് തീര്‍ത്ഥയാത്ര പോകുമെന്നാണ് മെസ്സിയുടെ ശപഥം. ഏകദേശം 14 മണിക്കൂറെങ്കിലുമെടുക്കുന്ന യാത്രയാണിത്.

ടിവൈസി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്.  ലോകകപ്പും കൈയ്യില്‍പിടിച്ചായിരിക്കും തീര്‍ത്ഥയാത്രയെന്നാണ് അര്‍ജന്റീനയുടെ നായകന്‍ പ്രഖ്യാപിക്കുന്നത്.