ഒടുവില്‍ ആര്‍എസ്എസ് തിരുത്തി; ‘അഭിമാനമാണ് കേരളം’; മാറ്റം എബിവിപി റാലി മുദ്രാവാക്യത്തില്‍

തിരുവനന്തപുരം: കേരളം വികസനത്തില്‍ ഏറെ പിന്നാക്കം. കേരളം ജിഹാദികളുടേയും ചുകപ്പ് ഭീകരതയുടേയും നാട്. മനുഷ്യര്‍ ഡങ്കിപ്പനി പിടിച്ച് കൂട്ടത്തോടെ മരിക്കുന്ന നാട്. ഇതെല്ലാം ആയിരുന്നു ഇന്നലെ വരെ ആര്‍എസ്എസും ബിജെപിയും പറഞ്ഞുകൊണ്ടിരുന്നത്.

എങ്ങനെ കേരളത്തിന് അഭിമാനകരമായ വളര്‍ച്ചനേടാമെന്ന് കേരളീയരെ പഠിപ്പിക്കാനായി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനും വരെ കേരളത്തിലെത്തി. എന്നാല്‍ ഇപ്പോള്‍ ഇതാ, ആര്‍എസ്എസ് തിരുത്തുന്നു.

ശനിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന എബിവിപി റാലിയുടെ മുദ്രാവാക്യത്തിന്റെ ആദ്യവരി ഇങ്ങനെയാണ് ‘അഭിമാനമാണ് കേരളം’. സിപിഐഎമ്മിനെ വിമര്‍ശിക്കാം. എന്നാല്‍ കേരളീയരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിക്കുന്നതൊന്നും റാലിയില്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം ആര്‍എസ്എസ് നേതൃത്വം എബിവിപിക്ക് നല്കിയിട്ടുണ്ട്.

ദേശീയ മാധ്യമങ്ങളെ വരെ രംഗത്തിറക്കി നടത്തിയ കേരളവിരുദ്ധ പ്രചാരണം ദേഷം ചെയ്തതായാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്തെ വാനോളം പുകഴ്ത്തിയതും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമമായ വാഷിംങ്ടണ്‍ പോസ്റ്റ് വരെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിനെ പ്രശംസിച്ചതുമെല്ലാം ആര്‍എസ്എസിന് തിരിച്ചടിയായിരുന്നു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായെത്തിയ പ്രമുഖ ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തെ പ്രശംസിച്ചുകൊണ്ടാണ് മടങ്ങിയത്.

അമിത്ഷാ നേരിട്ടെത്തി ഉദ്ഘാടനവും സമാപനവും നിര്‍വ്വഹിച്ച ജനരക്ഷായാത്ര വിപരീതഫലം ചെയ്തതായാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ജാഥ പര്യടനം നടത്തിയ വേങ്ങരമണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുകള്‍ കുത്തനെ ഇടിഞ്ഞു. 35,000 ഹിന്ദുവോട്ടര്‍മാരുളള മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് വെറും 5728 വോട്ട്.

കേരളവിരുദ്ധ പ്രചാരണം തിരിച്ചടിയായെന്ന വിലയിരുത്തലോടെയാണ് ഇപ്പോഴത്തെ നിലപാട് മാറ്റം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here