ഖത്തറില്‍ നിന്ന് എത്തിയ ദമ്പതികളുടെ ബാഗേജുകള്‍ മോഷണം പോയത് കൊച്ചി വിമാനത്താവളത്തില്‍ വച്ചല്ല

കൊച്ചി: ഖത്തറില്‍ നിന്ന് എത്തിയ ദമ്പതികളുടെ ബാഗേജുകള്‍ മോഷണം പോയത് കൊച്ചി വിമാനത്താവളത്തില്‍ വച്ചല്ലെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമായി. പരാതിക്കാരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

കഴിഞ്ഞദിവസം അമേരിക്കയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ചാക്കോ ഏലിക്കുട്ടി ദമ്പതികളുടെ ബാഗേജുകളില്‍ നിന്നാണ് വില പിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത്. നാല് ബാഗുകളില്‍ സൂക്ഷിച്ചിരുന്ന മൂന്ന് സെല്‍ഫോണുകള്‍, മൂന്ന്‌ബോട്ടില്‍ മദ്യം, ഹാന്‍ഡ് ബാഗുകള്‍ എന്നിവയുള്‍പ്പെടെ 3435 ഡോളറിന്റെ മൂല്യം ഉള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

ഓര്‍ലാന്‍ഡോ, ഫ്‌ലോറിഡ, ന്യൂയോര്‍ക്ക്, ദോഹ എന്നിവിടങ്ങളില്‍നിന്ന് വിമാനങ്ങള്‍ മാറിക്കയറിയായിരുന്നു ഇരുവരും നെടുമ്പാശ്ശേരിയില്‍ എത്തിയത്. വീട്ടിലെത്തി ബാഗു തുറന്ന് നോക്കിയപ്പോഴായിരുന്നു സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലായത്. പരാതിയെ തുടര്‍ന്ന് പോലീസും സിയാല്‍ അധികൃതരും അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനം കൊച്ചിയില്‍ എത്തിയതായും 40 മിനിറ്റുകള്‍ കൊണ്ട് ബാഗുകള്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ പുറത്ത് എത്തിച്ചതായും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വ്യക്തമായി. രാജ്യാന്തര ടെര്‍മിനല്‍ ആയ ടി 3 യില്‍ നിന്ന് ബാഗ് പുറത്തിറക്കിയതു മുതല്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തുന്നതു വരെയും തുടര്‍ന്ന് യാത്രക്കാരുടെ കൈകളില്‍ എത്തുന്നതു വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.

പരാതിക്കാരുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പരിശോധന. നാല് ബാഗുകളുടെയും നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പ്രകാരം വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളില്‍ ജോലിചെയ്യുന്ന ഒരാള്‍ പോലും ബാഗുകള്‍ തുറക്കാനോ അനധികൃതമായി എന്തെങ്കിലും കൃത്യം നടത്താനോ ശ്രമം നടത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

അമേരിക്കന്‍ വ്യോമയാന സുരക്ഷാ നിയമപ്രകാരം പ്രത്യേകം രൂപകല്പനചെയ്ത പൂട്ട് വേണം ബാഗേജുകളില്‍ ഉപയോഗിക്കാന്‍ ഇവ ലഭ്യമല്ലെങ്കില്‍ ബാഗുകള്‍ പൂട്ടാന്‍ പാടില്ലെന്നാണ് നിയമം. പരാതിക്കാര്‍ ഈ നിയമം പാലിച്ചിരുന്നില്ലന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ യാത്രക്കാര്‍ വിമാനം മാറിക്കയറിയ മറ്റേതെങ്കിലും വിമാനത്താവളത്തില്‍ വച്ചാകാം സാധനങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News