വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ചു; ബന്ധുവായ യുവാവിന് ജീവപര്യന്തം തടവ്

പാലക്കാട്: വീട്ടമ്മയായ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചാക്കില്‍കെട്ടി ഉപേക്ഷിച്ച കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവ്. പാലക്കാട് ചിതലി സ്വദേശിയായ പ്രീതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമയ്ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചിതലി സ്വദേശിനിയായ പ്രീതിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും കാണാതായി. പോലീസും ബന്ധുക്കളും രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രീതയുടെ പിതൃസഹോദരിയുടെ മകനായ ചെന്താമരയാണ് കൊലപാതകിയെന്ന് വ്യക്തമായത്.

തുടര്‍ന്ന് ചെന്താമരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊള്ളാച്ചിക്കടുത്ത് നിന്ന് പ്രീതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധന നടന്ന ദിവസങ്ങളിലത്രയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശോധനയ്ക്ക് ചെന്താമര മുന്നിലുണ്ടായിരുന്നു.

സംഭവ ദിവസം വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാത്തതിനെ തുടര്‍ന്ന പ്രീതിയെ കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച, വീട്ടില്‍ കയറി ആക്രമിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവും 95,000 രൂപ പിഴയുമടക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ പ്രീതിയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം നടത്തിയത്. സംഭവ ദിവസം ചിതലിയിലും പൊള്ളാച്ചിയിലും ചെന്താമരയെത്തിയിരുന്നതായി മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി.

ഇതിനു പുറമെ ചെക്ക് പോസ്റ്റിലൂടെ ബൈക്കില്‍ ചാക്ക് കെട്ടുമായി പോകുന്ന ചെന്താമരയുടെ ദൃശ്യങ്ങള്‍ ലഭിച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. കുഴല്‍മന്ദം സിഐ ആയിരുന്ന സലീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി എസ് മുരളീകൃഷ്ണയാണ് വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here