റപ്‌കോ ബാങ്കിനോട്; ഈ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്നതും കാത്തിരിക്കുകയാണോ നിങ്ങള്‍? ഗര്‍ഭിണിയെയും വൃദ്ധയെയും പെരുവഴിയില്‍ ഇറക്കിവിട്ട് ബാങ്കിന്റെ കഴുത്തറുപ്പന്‍ നടപടി

തിരുവനന്തപുരം: അപസ്മാര രോഗിയും ഗര്‍ഭിണിയുമായ യുവതിയേയും 85 വയസുളള വൃദ്ധയേയും അടക്കമുളള ആറംഗകുടുബത്തെ പെരുവഴിയില്‍ ഇറക്കി ബാങ്കിന്റെ ക്രൂരത.

14 ലക്ഷം ലോണ്‍ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തി. രണ്ട് വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെയാണ് തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോ ബാങ്കിന്റെ കഴുത്തറുപ്പന്‍ നടപടി.

തിരുവനന്തപുരം ശാന്തികവാടത്തിനടുത്തുളള പ്രദീപിന്റെ കുടുംബത്തിന്റെ ജീവിതം ആരുടേയും കണ്ണ് ഈറനണിയിക്കുന്നതാണ്. 2009ല്‍ റപ്‌കോ ബാങ്കിന്റെ തമ്പാനൂര്‍ ശാഖയില്‍ നിന്ന് 10,60,000 രൂപ വീടിനായി വായ്പ എടുത്തു പ്രദീപ്.

കൃത്യമായി വായ്പ അടച്ചു വന്നിരുന്ന പ്രദീപിന് 2013ല്‍ ബൈക്ക് അപകടത്തില്‍ നടുവിന് ഗുരുതരമായി പരുക്കേറ്റു. 23 മാസത്തെ തവണ മുടങ്ങിയപ്പോള്‍ ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതര്‍ എത്തി.

തന്റെ നിസ്സഹായാവസ്ഥയിലും നട്ടെല്ലിന്റെ പരുക്ക് വകവെക്കാതെ പ്രദീപ് വിദേശത്ത് ജോലിക്ക് പോയി. എന്നാല്‍ അവിടെയും ദുരന്തം പ്രദീപിനെ വിട്ടൊഴിഞ്ഞില്ല. വിദേശത്ത് വച്ച് കാലു തളര്‍ന്ന പ്രദീപിനെ സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു.

ഇതിനിടയില്‍, ഉള്ള ജോലി നഷ്ടമായി. പിന്നീട് വീട് ജപ്തി ചെയ്യുമെന്ന ഭീഷണി വന്നതോടെ സന്‍മനസുളള അയല്‍കാര്‍ ഒത്തുകൂടി 12 ലക്ഷം ബാങ്കിന് നല്‍കി. എന്നാല്‍ 11 ലക്ഷം കൂടി അടച്ചില്ലെന്ന പേരില്‍ കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ നിന്ന് ബലമായി ഒഴിപ്പിച്ചു. തവണ അടച്ച് തീര്‍ക്കാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണ് നിരാലംബരായ ആറംഗ കുടുബത്തെ തെരുവിലേക്ക് ആട്ടിയിറക്കിയത്.

ദുരന്തം കണ്ടറിഞ്ഞ് സഹായിച്ച പത്രം ഏജന്റ് പദ്മാവതിയുടെ ജീവിതവും പ്രദീപിന് മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നം ആവുകയാണ്. ജീവിതസമ്പാദ്യമായ 5 ലക്ഷം പ്രദീപിന് നല്‍കിയതോടെ ഇവരും ബുദ്ധിമാദ്യമുളള മകനും പെരുവഴിയിലാകുന്ന സഹചര്യമാണ് ഇപ്പോള്‍ ഉളളത്. ജപ്തി ചെയ്ത വീട്ടിന്റെ ചായ്പ്പില്‍ താമസിക്കുന്ന പദ്മവതിയെ ഒഴിപ്പിക്കാനുളള നീക്കം നടക്കാതെ പോയത് അവര്‍ തലവഴി മണ്ണെണ്ണ ഒഴിച്ചത് ഒന്നു കൊണ്ട് മാത്രം.

ഡിസംബറില്‍ ചെറുമകളുടെ വിവാഹ ആവശ്യത്തിന് വെച്ച പണം നല്‍കി സഹായിച്ച അയല്‍കാരിയായ ജമീല ഇതേകഥയിലെ മറ്റൊരു ദുരന്തകഥാപാത്രമാണ്. ജനുവരിയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്തേണ്ടത് മറ്റൊരു വൈതരണിയായി പ്രദീപിന് മുന്നിലുണ്ട്.

ഇതിനിടയില്‍ ഭാര്യയുടെ പ്രസവം, പലവീടുകളിലായി താമസിക്കുന്നത് മൂലം വഷളാവുന്ന ആരോഗ്യ സ്ഥിതി ഇതൊക്കെ പ്രശ്‌നങ്ങളാണ്. തനിക്ക് ജോലി നല്‍കാന്‍ പ്രത്യേക താല്‍പര്യമെടുത്ത എംഎ യൂസഫലി തന്റെ ദുരന്ത കഥയറിഞ്ഞാല്‍ തന്നെ സഹായിച്ചേക്കുമെന്ന ഏക പ്രതീക്ഷയാണ് ഇന്ന് ഈ യുവാവിനെയും കുടുംബത്തെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here