
തിരുവനന്തപുരം; ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് മുറവിളിക്കുന്നതിന് പിന്നിൽ രണ്ട് താല്‍പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ല എന്ന നിലയില്‍ പ്രചാരണം നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക. ക്ഷേത്രത്തെ ഉപകരണമാക്കി തുടര്‍ന്നും അഴിമതിയിലൂടെ സമ്പത്ത് കുന്നുകൂട്ടാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുക.
ഇതാണ് പ്രചാരണത്തിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന നിലയ്ക്കാണ് ചിലര്‍ പ്രചാരണം നടത്തുന്നത്.
സത്യവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി വിധിപ്രകാരമുള്ള നിയമനടപടികള്‍ മാത്രമേ മലബാര്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ചിട്ടുള്ളു.
അതിനെ വര്‍ഗീയമായി വക്രീകരിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ലെന്നും, അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന മുറവിളിക്കു പിന്നിലുള്ള പ്രധാന താല്‍പര്യങ്ങള്‍ രണ്ടാണ്. ഒന്ന്: ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ല എന്ന നിലയില്‍ പ്രചാരണം നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക. രണ്ട്: ക്ഷേത്രത്തെ ഉപകരണമാക്കി തുടര്‍ന്നും അഴിമതിയിലൂടെ സമ്പത്ത് കുന്നുകൂട്ടാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുക. ഇതാണ് പ്രചാരണത്തിന്‍റെ ലക്ഷ്യം എന്നതു മനസ്സിലാക്കുന്ന വിശ്വാസികള്‍ അടക്കമുള്ള കേരളീയ പൊതുസമൂഹം ദുഷ്പ്രചാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയില്ല എന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.
ക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന നിലയ്ക്കാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. സത്യവുമായി ഇതിന് ഒരു ബന്ധവുമില്ല. ഏറ്റെടുത്തത് സര്‍ക്കാരല്ല. ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വംബോര്‍ഡാണ്. ആ ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തതാകട്ടെ ക്ഷേത്രത്തെ അഴിമതി ചൂഴ്ന്ന സാഹചര്യത്തിലും കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുമാണ്. കോടതിത്തീര്‍പ്പ് നടപ്പിലാക്കുക എന്നതുമാത്രമേ ബോര്‍ഡ് ചെയ്തിട്ടുള്ളു എന്നര്‍ത്ഥം. കോടതി പറഞ്ഞാല്‍ അനുസരിക്കുകയേ നിര്‍വാഹമുള്ളു. സദുദ്ദേശത്തോടെ കോടതി നിര്‍ദേശിച്ചത് നടപ്പാക്കിയതിന് ബോര്‍ഡിനെയും സര്‍ക്കാരിനെയും ആക്രമിച്ചിട്ടു കാര്യമില്ല.
ഈ ക്ഷേത്രം സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു സംവിധാനത്തിന്‍ കീഴിലായിരുന്നു എന്നു പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല. 1951ലെ മദ്രാസ് ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ആക്ടിന്‍റെ കീഴിലായിരുന്നു ഇതിന്‍റെ നടത്തിപ്പ്. നിയമത്തിനു കീഴിലായിരുന്നുവെങ്കിലും നടത്തിപ്പ് ചുമതല ഒരു പ്രത്യേക സമിതിക്കായിരുന്നു. ആ സമിതി നേരാംവിധമല്ല ക്ഷേത്രം നടത്തുന്നതെന്നും അഴിമതിയാണ് അവിടെ നടമാടുന്നതെന്നും പരാതിയുയര്‍ന്നു. അങ്ങനെ പരാതി വന്നാല്‍ എംഎച്ച്ആര്‍സിഇ നിയമത്തിലെ വകുപ്പ്, ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. അതാകട്ടെ തെളിവെടുപ്പിനും വിസ്താരത്തിനും പറയാനുള്ളതൊക്കെ പറയാനുള്ള അവസരം നല്‍കലിനും ഒക്കെ ശേഷമാണ്.
2010ലാണ് പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതി കേരള ഹൈക്കോടതിയില്‍ ഹര്‍ജിയായി എത്തുന്നത്. ഹര്‍ജി കൊടുത്തതാകട്ടെ നാട്ടുകാരായ ഭക്തജനങ്ങളെയും ക്ഷേത്ര ജീവനക്കാരെയും പ്രതിനിധീകരിച്ച് ഉണ്ണി വാറനാട്ട്, പി ശ്രീകുമാര്‍, സി എ സുമേഷ് എന്നിവരാണ്. ക്ഷേത്രനടത്തിപ്പിലെ അഴിമതികളും അപാകതകളും ചൂണ്ടിക്കാട്ടിയ ഹര്‍ജി ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വംബോര്‍ഡിന് ഉത്തരവ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ശ്രീ. തോട്ടത്തില്‍ രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ക്ഷേത്രം ഏറ്റെടുക്കുന്നതിന് മലബാര്‍ ദേവസ്വം ആക്ടിലെ 57(എ) പ്രകാരം അപേക്ഷ നല്‍കാന്‍ ഭക്തരോട് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് 30ഓളം ഭക്തജന പ്രതിനിധികള്‍ നല്‍കിയ അപേക്ഷയ്ക്കുമേലാണ് മലബാര്‍ ദേവസ്വം കമ്മീഷണര്‍ 2016 മെയ് 23ന് പാര്‍ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ചത്. ക്ഷേത്രഭരണത്തിനായി ഏകാംഗ ട്രസ്റ്റിയെ നിയമിക്കുകയും ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായി പരിപാലിച്ചുകൊണ്ടാണ് കമ്മീഷണര്‍ പൊതുക്ഷേത്രമായി ഈ ക്ഷേത്രത്തെ പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട എല്ലാവരെയും കേട്ടിട്ടും എല്ലാവരില്‍നിന്നും തെളിവെടുത്തിട്ടും ആണ് ക്വാസി ജുഡീഷ്യല്‍ അതോറിറ്റി കൂടിയായ കമ്മീഷണര്‍ കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ പ്രഖ്യാപനം നടത്തിയത്.
ഇതിനെതിരെ കേസുമായി ചിലര്‍ പോയി. അതാകട്ടെ പാര്‍ത്ഥസാരഥി ക്ഷേത്രം ഭരണസംഘം എന്ന മുന്‍ ക്ഷേത്ര ഭരണസമിതി പോലുമായിരുന്നില്ല. പാര്‍ത്ഥസാരഥി ക്ഷേത്രരക്ഷാസമിതിയെന്ന സംഘടനയുടെ നേതാവായ ഹരിനാരായണ സ്വാമി, ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡന്‍റായ പ്രസാദ് കാക്കശ്ശേരി എന്നിവരായിരുന്നു. കേരള ഹൈക്കോടതി ഇവരുടെ പരാതിക്കുമേല്‍ ആദ്യം സ്റ്റേ അനുവദിച്ചെങ്കിലും തുടര്‍ന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തെ പൊതുക്ഷേത്രമായി അംഗീകരിച്ച നടപടിയെ ശരിവെയ്ക്കുകയായിരുന്നു. ഏകാംഗ ട്രസ്റ്റിയെ നിയമിച്ച നടപടിയെ മാത്രം ഹൈക്കോടതി നിരാകരിച്ചു. ദേവസ്വം ആക്ടിലെ സെക്ഷന്‍ 58 പ്രകാരം ഓരോ അമ്പലത്തിനും ഓരോ ഭരണപദ്ധതി രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ചുകൊണ്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിനായി ആവശ്യമായ സ്കീം രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഇതേ സമയത്ത് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസംഘം ചാവക്കാട് സബ്കോടതിയില്‍ മറ്റൊരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തെ പൊതുക്ഷേത്രമായി അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ വഴി ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയും ഉണ്ടായി. എന്നാല്‍, ഹൈക്കോടതി മുമ്പാകെ ഉണ്ടായിരുന്ന കേസില്‍ ഇവര്‍ കക്ഷിയേ ആയിരുന്നില്ല എന്നു കണ്ട് സുപ്രീംകോടതി ഇവരുടെ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ അപേക്ഷ തള്ളി. 2017 ഫെബ്രുവരി 20നായിരുന്നു അത്.
ഹിന്ദു ഐക്യവേദി, പാര്‍ത്ഥസാരഥി ക്ഷേത്രരക്ഷാസമിതി ഭാരവാഹികള്‍ എന്നിവര്‍ ഇതിനിടെ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ഇതിനൊപ്പം പാര്‍ത്ഥസാരഥി ക്ഷേത്രഭരണസംഘം മറ്റൊരു കേസ് കൂടി കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. എന്നാല്‍, സുപ്രീംകോടതി സ്റ്റേ നീക്കിയതോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 58-ാം വകുപ്പ് പ്രകാരമുള്ള സ്കീം തയ്യാറാക്കി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നിയമമാക്കി. 2017 ഏപ്രില്‍ 26ല്‍ സ്കീം വ്യവസ്ഥ പ്രകാരം ക്ഷേത്രത്തില്‍ എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് അക്രമികളുടെ സഹായത്തോടെ ക്ഷേത്രം രക്ഷാസമിതിക്കാര്‍ എന്ന മറവില്‍ ചിലര്‍ കൈയ്യേറിയതും ക്ഷേത്രം അക്രമികളെ കൊണ്ട് നിറച്ചതും. ഹര്‍ജിക്കാരായ ക്ഷേത്രസമിതിക്കാരുടെ വാദങ്ങള്‍ കോടതി ഇതിനിടെ നിരാകരിച്ചു. സ്കീം വ്യവസ്ഥകള്‍ക്കെതിരെ വേണമെങ്കില്‍ മലബാര്‍ ദേവസ്വം ആക്ടിലെ സെക്ഷന്‍ 61 പ്രകാരം കീഴ്കോടതിയെ സമീപിക്കാവുന്നതാണെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ഇവരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
ക്ഷേത്ര ഭരണച്ചുമതലയുള്ള എക്സിക്യുട്ടീവ് ഓഫീസര്‍ കോടതിവിധി നടപ്പാക്കിക്കിട്ടുന്നതിനും ക്ഷേത്രഭരണത്തിലെ ബാഹ്യ ഇടപെടല്‍ അവസാനിച്ചുകിട്ടുന്നതിനും വേണ്ടി പൊലീസിനെ സമീപിച്ചിരുന്നു. 2017 ഒക്ടോബര്‍ 21ന് പൊലീസ് സഹായത്തോടെ ദേവസ്വം ജീവനക്കാര്‍ കോടതിവിധി നടപ്പാക്കിയെടുക്കാനായി ചെന്നെങ്കിലും നിയമവിരുദ്ധമായി ക്ഷേത്രവാതില്‍ അടച്ചുപൂട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിയമനടത്തിപ്പിന് തടസ്സം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഇതിനിടെ ഇഞ്ചക്ഷന്‍ ഉത്തരവ് തേടി ക്ഷേത്രഭരണസംഘം ചാവക്കാട് കോടതിയെ സമീപിച്ചെങ്കിലും ആ കോടതി ആ ആവശ്യം നിരാകരിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് ദേവസ്വംബോര്‍ഡ് ക്ഷേത്രസമാധാനലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആ ഹര്‍ജി അനുവദിച്ചുകൊണ്ട് നവംബര്‍ ഒന്നാം തീയതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് വളരെ സമാധാനപൂര്‍ണമായ രീതിയില്‍ പൊലീസ് സാന്നിധ്യത്തില്‍ നടപ്പിലാക്കി. ഇതിനെയാണ് ക്ഷേത്രം പിടിച്ചെടുക്കലായി വ്യാഖ്യാനിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെ ക്ഷേത്രം പിടിച്ചെടുക്കലാവും? ഹൈക്കോടതി വിധിപ്രകാരമുള്ള നിയമനടപടികള്‍ മാത്രമേ മലബാര്‍ ദേവസ്വംബോര്‍ഡ് സ്വീകരിച്ചിട്ടുള്ളു. അതിനെ വര്‍ഗീയമായി വക്രീകരിക്കുന്നത് ദുരുദ്ദേശത്തോടെയാണ്.
അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയുമില്ല. ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. അവയെ സംരക്ഷിക്കേണ്ടതുണ്ട്; സഹായിക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യാനാവുമെന്നതു സര്‍ക്കാര്‍ ആലോചിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here