തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ ബ്ളാക്ക്മെയിലിങ് പ്രയോഗം കോണ്‍ഗ്രസിനകത്ത് അസ്വസ്ഥത പടര്‍ത്തുന്നു. മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ കേസിന്റെ പേരില്‍ തന്നെ നിരവധിപേര്‍ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ഒരാള്‍ക്ക് വഴങ്ങേണ്ടിവന്നതില്‍ ഖേദമുണ്ടെന്നുമായിരുന്നു തുടര്‍ച്ചയായി രണ്ടുദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഉമ്മന്‍ചാണ്ടി പറഞ്ഞത്.
എന്നാല്‍, ബ്ളാക്ക്മെയില്‍ പ്രയോഗം തിരിഞ്ഞുകുത്തുകയാണ്. സോളാര്‍ റിപ്പോര്‍ട്ടില്‍ ആടിയുലയുന്ന കോണ്‍ഗ്രസില്‍ ബ്ളാക്മെയില്‍പ്രയോഗം കടുത്ത ചേരിതിരിവും തമ്മിലടിയും സൃഷ്ടിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയുടെ ഈ പ്രയോഗത്തിലൂടെ തങ്ങള്‍ ഉള്‍പ്പെടെ സംശയത്തിന്റെ നിഴലിലായെന്ന് ഒപ്പം നില്‍ക്കുന്നവര്‍തന്നെ പരാതിപ്പെടുന്നു.
ബ്ളാക്ക്മെയില്‍ ചെയ്തത് ആരെന്ന് പറയേണ്ടത് ഉമ്മന്‍ചാണ്ടിതന്നെയാണെന്നാണ് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ നിലപാട്. സോളാര്‍ കേസിന്റെ പ്രധാന ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള തന്ത്രമായിരുന്നു ബ്ളാക്ക്മെയില്‍ ആരോപണം.
എന്നാല്‍, അതോടെ സംശയത്തിന്റെ നിഴലിലായത് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുമാണ്. രമേശ് ചെന്നിത്തലയും വി എം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ ബാബുവുമെല്ലാം സംശയനിഴലിലായി.
വ്യാഴാഴ്ച സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചതിനുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പലരും തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
ആരാണെന്ന മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യം ഉയര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍തന്നെയാണെന്നും പറഞ്ഞു.
ഊഹാപോഹം കുറച്ചുദിവസം അങ്ങനെ നില്‍ക്കട്ടെ എന്നാണ് ഉമ്മന്‍ചാണ്ടിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഊഹാപോഹങ്ങള്‍ക്ക് പിന്നീട് അദ്ദേഹംതന്നെ വിരാമമിട്ടുകൊള്ളുമെന്നും അവര്‍ പറയുന്നു.
ബ്ളാക്ക്മെയിലിങ്ങിന് വിധേയനായെന്ന കുറ്റസമ്മതം സത്യപ്രതിജ്ഞാലംഘനമാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ബ്ളാക്ക്മെയിലിങ് നടത്തിയെങ്കില്‍ അതുസംബന്ധിച്ച് എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്.
Get real time update about this post categories directly on your device, subscribe now.