ഇടയ്ക്ക് വരുന്ന തലകറക്കം അവഗണിക്കരുത്

രാവിലെ ഉറക്കമുണരുമ്പോള്‍ തലകറങ്ങുക, കുനിഞ്ഞ് എന്തെങ്കിലും എടക്കുമ്പോള്‍, പെട്ടന്ന് എ‍ഴുനേല്‍ക്കുമ്പോള്‍ അങ്ങിനെ പലസാഹചര്യങ്ങളിലും തലകറക്കം ഉണ്ടാവാറുണ്ട്. വെര്‍ട്ടിഗോ എന്ന അസുഖം മൂലമാകാം പലപ്പോ‍ഴും തലകറക്കം ഉണ്ടാവുക.

ചെറിയ തോതിലുള്ള വെർട്ടിഗോ അപകടകാരിയല്ല. എന്നാൽ പെട്ടന്ന് തലകറങ്ങുന്നുവെന്നതു സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. ചികിത്സയിലൂെട രോഗം ഭേദമായവർ വീണ്ടും ഈ അസുഖം വരാതിരിക്കാൻ പ്രത്യേക കരുതൽ നൽകുകയും വേണം.

ഓക്കുലര്‍ വെര്‍ടിഗോ

കണ്‍പേശികളുടെ ചലനം നിയന്ത്രിക്കുന്ന ഓക്കുലോ മോട്ടോര്‍ ഞരമ്പുകള്‍ ദൂരത്തിന്റെ കൃത്യമായ പ്രതിഫലനം റെറ്റിനയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ഓക്കുലര്‍ വെര്‍ടിഗോ ഉണ്ടാകുന്നത്. ഇക്കാരണംകൊണ്ടാണ് ഉയരത്തില്‍നിന്നു താഴേയ്ക്കു നോക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത്.

ഏതെങ്കിലും ഒരു കണ്ണിലെ ഓക്കുലോ മോട്ടോര്‍ ഞരമ്പിന്റെ തകരാറുമൂലം കണ്‍പേശിക്ക് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ടാല്‍ രണ്ടു കണ്ണിലും കാഴ്ച രണ്ടുതരത്തില്‍ പ്രതിഫലിക്കുന്നതിനാലാണ് ഡബിള്‍ വിഷന്‍ അഥവാ ഡിപ്ളോപ്പിയ മൂലം ലകറക്കമുണ്ടാകുന്നത്.

തലച്ചോറിലെ തകരാറുകള്‍

തലച്ചോറിനുള്ളിലെ മുഴകള്‍, നീര്‍ക്കെട്ട്, രക്തം കട്ടയാകല്‍ തുടങ്ങിയ കാരണങ്ങളാല്‍ തലച്ചോറും കര്‍ണവും തമ്മിലുള്ള സംവേദനം നഷ്ടപ്പെടുകയും ഇതുമൂലം തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് വെര്‍ടിഗോ ഓഫ് സെന്‍ട്രര്‍ ഒറിജിന്‍ എന്നാണ് പേര്.

ഓറല്‍ വെര്‍ടിഗോ

മധ്യകര്‍ണത്തിലെ അണുബാധയായ ഒട്ടൈറ്റിസ് മീഡിയ, കേള്‍വിക്കുറവ്, ചില മരുന്നുകളുടെ അമിതോപയോഗം, ചെവിക്കായം, യൂസ്റ്റേഷ്യന്‍ ട്യൂബിലെ നീര്‍ക്കെട്ട് ഇവമൂലമുണ്ടാകുന്നതാണ് ഓറല്‍ വെര്‍ടിഗോ.

വെസ്റ്റിബ്യുലര്‍/ലാബ്രിന്‍തൈന്‍ വെര്‍ടിഗോ

ഓഡിറ്ററി നെര്‍വിലുണ്ടാകുന്ന ട്യൂമര്‍, ചില മരുന്നുകളുടെ ദീര്‍ഘകാലമായ ഉപയോഗം, തലയ്ക്കേറ്റ ക്ഷതം എന്നിവ മധ്യകര്‍ണത്തിലുണ്ടാക്കുന്ന തകരാറാണ് ലാബ്രിന്‍തൈന്‍ വെര്‍ടിഗോയ്ക്കു കാരണമാകുന്നത്.

ഓക്കാനം, ഛര്‍ദില്‍, ചെവിക്കുളളില്‍ അസ്വാഭാവിക ശബ്ദങ്ങള്‍, ക്രമേണയായി കേള്‍വിശക്തി നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങളുള്ള മൈനേഴ്സ് ഡിസീസ്, ലാബ്രിന്‍തൈന്‍ വെര്‍ടിഗോയുടെ ഗുരുതര വകഭേദമാണ്. ഈ രോഗാവസ്ഥയില്‍ എപ്പി–പെരി ലിംഫുകള്‍ക്ക് അടിക്കടിയുണ്ടാക്കുന്ന മര്‍ദവ്യതിയാനം ആന്തരകര്‍ണത്തിന് കോശനാശം വരുത്തുന്നു.

ലിംഫ് കട്ടിയാകുകയും ഞരമ്പുകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന മൈനേഴ്സ് ഡിസീസില്‍ അപ്രതീക്ഷിതമായി രോഗി വീണുപോകുകയും കണ്ണുകള്‍ വട്ടംചുറ്റുകയും തണുത്ത് വിയര്‍പ്പില്‍ കുതിരുകയും കുറച്ചുനേരത്തേക്ക് ബോധം നഷ്ടമാകുകയും ചെയ്യുന്നു. എല്ലാ തലകറക്കങ്ങളും അപകടകരമല്ലെങ്കിലും തലകറക്കമുണ്ടായാല്‍ വിദഗ്ദ്ധ ചികിത്സ നേടുന്നതാണ് ഉചിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News